Advertisement

ചൈനയിൽ ടെസ്ലയുടെ വിൽപന ഇടിഞ്ഞു; വില കുറഞ്ഞ മോഡൽ ഇറക്കി കളം പിടിക്കാൻ കമ്പനി

March 14, 2025
2 minutes Read

ഇലോൺ മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയിൽ തിരിച്ചടി. അഞ്ച് മാസമായി ടെസ്ലയുടെ വിൽപനയിൽ ഇടിവ് തുടരുകയാണ്. ഫെബ്രുവരിയില് ടെസ്ലയുടെ കയറ്റുമതിയിൽ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം മുഖ്യ എതിരാളികളായ ബിവൈഡി ചൈനീസ് വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ടെസ്ലയ്ക്ക് കടുത്ത എതിരാളികളായി ബിവൈഡി മാറുന്നതാണ് ചൈനയിലെ വിപണിയിൽ നിന്ന് വരുന്ന സൂചനകൾ.

എന്നാൽ വിപണിയിലെ ഇടിവിനെ നേരിടാൻ ടെസ്ല നടപടികളിലേക്ക് നീങ്ങി കഴിഞ്ഞു. മോഡൽ വൈയുടെ വില കുറഞ്ഞ മോഡൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇ41 എന്ന അപരനാമത്തിലാണ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടെസ്‌ലയുടെ ഏറ്റവും വലിയ കാർനിർമാണ കേന്ദ്രമായ ഷാങ്ഹായ് ഫാക്ടറിയിലായിരിക്കും വിലകുറഞ്ഞ കാറിന്റെ നിർമാണം.

2023- 24 കാലഘട്ടങ്ങളിൽ ചൈനയിലെ ബെസ്റ്റ് സെല്ലിങ് ഇലക്ട്രിക് കാറായിരുന്നു ടെസ്‌ല. എന്നാൽ ചൈനീസ് കമ്പനികളുടെ വ്യാപനമാണ് ഇപ്പോൾ ടെസ്ലക്ക് വെല്ലുവിളിയായിരിക്കുന്നത്. ഇവി വിപണിയിൽ‌ ഷവോമിയുടെ എസ്.യു 7 സെഡാൻ, വൈ.യു 7 ക്രോസോവർ എന്നിവയാണ് ടെസ്‌ല മോഡലുകളെ പിടിച്ചുലച്ചത്. തുടർന്നാണ് ചൈനീസ് വിപണിയിൽ വീണ്ടും കരുത്ത് തിരിച്ചുപിടിക്കാൻ പുതിയ മോഡലുകൾ ഇറക്കാതെ നിലവിലെ മോഡലിൽ മാറ്റം വരുത്തി എത്തിക്കാൻ ടെസ്ല തീരുമാനിച്ചിരിക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചൈനയിലെ ഇവി വിഭാഗത്തിൽ ടെസ്‌ലയുടെ വിപണി വിഹിതം 2022-ൽ 11.7% ആയിരുന്നത് 2023-ൽ 10.4% ആയി കുറഞ്ഞു. അടുത്തിടെ ഇവി വിപണിയിൽ പ്രവേശിച്ച ഷവോമിയാണ് അവരുടെ ഏറ്റവും ശക്തമായ വളർന്നുവരുന്ന എതിരാളികളിൽ ഒന്ന്. പുതിയ കുറഞ്ഞ വിലയുള്ള മോഡൽ വൈയ്‌ക്കൊപ്പം, ഈ വർഷം അവസാനം ചൈനയിൽ മോഡൽ വൈയുടെ ആറ് സീറ്റർ വകഭേദവും അവതരിപ്പിക്കാൻ ടെസ്‌ല പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

Story Highlights : Tesla planning low-cost Model Y in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top