10 വർഷം, ഇഡി കേസെടുത്തത് 193 നേതാക്കൾക്കെതിരെ: ശിക്ഷിക്കപ്പെട്ടത് രണ്ടുപേർ മാത്രം

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളിൽ വെറും 2 നേതാക്കൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. 2015 ഏപ്രിൽ ഒന്നു മുതൽ 2025 ഫെബ്രുവരി 28 വരെ കാലയളവിലുള്ള കണക്കാണ് കേന്ദ്രമന്ത്രി ഇന്ന് രാജ്യസഭയിൽ വച്ചത്. രാജ്യസഭയിൽ സിപിഎം അംഗമായ എഎ റഹീമാണ് നക്ഷത്ര ചിഹ്നം മിണ്ടാത്ത ചോദ്യമായി കേസുകളുടെ വിശദാംശങ്ങൾ ചോദിച്ചത്.
ഈ 10 വർഷക്കാലത്തിനിടെ 193 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് രാജ്യത്ത് ഇൻഫോ ഡയറക്ടറേറ്റ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയ നേതാക്കളെ അവരുടെ പാർട്ടി സംസ്ഥാനം തുടങ്ങിയവ തിരിച്ച് വിവരങ്ങൾ ലഭ്യമാക്കണം എന്നായിരുന്നു രാജ്യസഭയിലെ ചോദ്യമെങ്കിലും, ഈ നിലയിൽ തരംതിരിച്ച് വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി മറുപടി നൽകി. അതേസമയം ഓരോ വർഷം തിരിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും മന്ത്രി നൽകിയിട്ടുണ്ട്.
ഇത് പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2022-23 സാമ്പത്തിക വർഷത്തിലാണ്. 32 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. 2020-21, 2023-24 വർഷങ്ങളിൽ 27 കേസുകൾ വീതവും 2019-20, 2021-22 വർഷങ്ങളിൽ 26 കേസുകളും രജിസ്റ്റർ ചെയ്തു. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് ഇടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തിയതായി കണക്കുകൾ പറയുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2022 മുതൽ 2024 വരെ കാലത്ത് 59 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.
ഒരാൾ 2016-17 കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസിലും മറ്റൊരാൾ 2019- 20 കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസിലും ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായി രാജ്യത്ത് ഇഡി ചുമത്തിയ കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്നും റഹീം ചോദിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടി കേന്ദ്ര ധനകാര്യ സഹ മന്ത്രി നൽകിയില്ല.
Story Highlights : ED has convicted only two politicians in last 10 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here