Advertisement

‘കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള അവഗണന’ ; കെ.സുധാകരന്‍

March 19, 2025
2 minutes Read
k sudhakaran

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെന്നും അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രതകാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ് – സുധാകരന്‍ പറഞ്ഞു.

Read Also: ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ്

സമരമുഖത്തുള്ള ആശമാര്‍ കേരളത്തിലുള്ള 26125 ആശമാരുടെയും ശബ്ദമായാണ് പ്രതിഷേധിക്കുന്നതെന്നും പഞ്ചാരവാക്കുകള്‍ കൊണ്ട് അവരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജ്ജവവും ആത്മാഭിമാനവും പണയം വെയ്ക്കാത്ത പോരാട്ടവീര്യവുമുള്ളവരാണവര്‍. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആ മനക്കരുത്ത് കണ്ടാണ് കേരള ജനതയും കോണ്‍ഗ്രസ് പ്രസ്ഥാനവും ആശമാരുടെ സമരത്തിന് പിന്തുണ നല്‍കിയത്. തുടര്‍ന്നും എല്ലാ സഹായങ്ങളും ആശമാര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നതെന്നും ആ നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍,അങ്കണവാടി ജീവനക്കാര്‍, അവശജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും കെ.സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran about Asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top