കൈവീശി, ചിരിച്ച് സുനിത വില്യംസ്; യാത്രികരെ വൈദ്യ പരിശോധനക്കായി മാറ്റി

ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശുഭാവസാനം. ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്.
ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിയിൽ തിരികെയെത്തിയത്. ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. കടലിൽ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.
യാത്രികരെ പുറത്തെത്തിച്ച് നിവർന്ന് നിർത്തിയ ശേഷമാണ് ഇവരെ സ്ട്രെച്ചറിൽ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്സാണ്ടർ ഗോർബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്ക് എത്തിക്കും. തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകൾക്കായി ഇവരെ വിധേയരാക്കും.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. പുറത്തെത്തിച്ച നാലംഗസംഘത്തിൽ ഇത് പ്രകടമായിരുന്നു. മറ്റ് ആളുകളുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Story Highlights : Sunita Williams Smiles, Waves As She Returns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here