വീട്ടുകാർ ശ്രദ്ധിച്ചില്ല, കുഞ്ഞുങ്ങളുടെ അടുത്തേക്ക് 12 അടിയുള്ള മൂർഖൻ; പാഞ്ഞെത്തി മൂർഖനെ കടിച്ചുകീറിയ നായയ്ക്ക് ദാരുണാന്ത്യം

കർണാടകയിലെ ഹാസനിൽ വീട്ടുടമയുടെ കുഞ്ഞുങ്ങളെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച് പിറ്റ്ബുൾ ഇനത്തിലുള്ള നായ. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയ്ക്ക് മരണം സംഭവിച്ചു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് മൂർഖൻ എത്തിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഇത് കണ്ട പിറ്റ്ബുൾ നായ പാഞ്ഞെത്തി മൂർഖനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുൻപ് മൂർഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുൾ കുഴഞ്ഞ് വീണത്.
ഹാസനിലെ കട്ടായയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷാമന്ത് എന്നയാളുടെ വീടിനകത്താണ് 12 അടിയോളം നീളം വരുന്ന മൂർഖനെയാണ് നായ കടിച്ച് കീറിയത്. നായ്ക്കളുടെ കുരശബ്ദം കേട്ടെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഭീമ എന്ന പേരുള്ള പിറ്റ്ബുൾ നായ അരമണിക്കൂറോളമാണ് മൂർഖനുമായി പോരാടിയത്. വളർത്തുനായകളിൽ ഒരെണ്ണമാണ് മൂർഖൻറെ കടിയേറ്റ് ചത്തത്. കർണാടകയിൽ വിവിധ ഡോഗ് ഷോകളിൽ ജേതാവാണ് ഭീമയെന്നാണ് ഉടമ വിശദമാക്കുന്നത്.
Story Highlights : pitbull fights off cobra to protect masters kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here