പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷൈബിൻ അഷ്റഫ്, ഷിഹാബുദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാർ. ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന അടക്കമുള്ളവരെ വെറുതെവിട്ടു.
മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും മഞ്ചേരി അഡീഷണൽ ജില്ലാ കോടതി പറഞ്ഞു. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താത്ത കേസിൽ ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യ കേസെന്ന് പൊലീസ്. കേസിന്റെ ശിക്ഷാവിധി ഈ മാസം 22 ന് വിധിക്കും.
ഏറെ വിവാദം സൃഷ്ടിച്ച കൊലപാതക കേസിൽ ഒരു വർഷത്തോളമാണ് വിചാരണ നീണ്ടു നിന്നത്. 2019 ഓഗസ്റ്റിലായിരുന്നു ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വന്നത്. ഒറ്റമൂലി രഹസ്യം പറഞ്ഞ് നൽകാത്തതിനാൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നുറുക്കി ചാലിയാറിൽ ഒഴുക്കി എന്നതാണ് കേസ്. ഷൈബിൻ അഷറഫിനെ ഷാബാ ഷെരീഫിൻ്റെ കുടുംബം തിരിച്ചറിഞ്ഞതും പ്രോസിക്യൂഷന് ബലമായി മാറി. കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു കൊലപാതകം.
Story Highlights : Shaba Sharif murder case; Court finds 3 accused guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here