മലപ്പുറം താഴെക്കോട് സ്കൂളിലെ സംഘർഷം; 2 വിദ്യാർഥികൾ കസ്റ്റഡിയിൽ

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ 2 പേർ കസ്റ്റഡിയിൽ. പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് 3 വിദ്യാർഥികൾക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read Also: ‘വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല’; എം വി ഗോവിന്ദൻ
ഇന്ന് രാവിലെയായിരുന്നു വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഒമ്പതാം ക്ലാസ് മുതൽ സ്കൂളിലെ ഒരു കൂട്ടം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിൽ നിലനിൽക്കുന്ന വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇടയ്ക്കിടെ സ്കൂളിൽ വെച്ച് സംഘങ്ങളായി ഇവർ ചേരിതിരിഞ്ഞ് അടി കൂടിയിരുന്നു. പരീക്ഷയ്ക്ക് മുൻപും സംഘർഷം ഉണ്ടായി. അന്ന് പരുക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിദ്യാർഥി സ്വമേധയാ ടി സി വാങ്ങി പോയെങ്കിലും മറ്റെവിടെയും സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തിരികെ സ്കൂളിലേക്ക് തന്നെ എത്തി. എസ്എസ്എൽസി പരീക്ഷ എഴുതാൻ മാത്രമാണ് പിന്നീട് അനുവദിച്ചത്. ഇന്നത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ഉടനെ സംഘടിക്കുകയും ഈ വിദ്യാർഥി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
Story Highlights : Clashes at Malappuram’s Thazhakode school; 2 students in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here