‘നോക്കുകൂലി എന്ന പ്രതിഭാസമേ ഇല്ല; നിർമല സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം’; എ കെ ബാലൻ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലൻ. നിർമല സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണെന്ന് എകെ ബാലൻ വിമർശിച്ചു. നോക്കുകൂലി എന്ന പ്രതിഭാസമേ ഇല്ലെന്നും നോക്കു കൂലി എവിടെയും ഇല്ലെന്നും അദേഹം പറഞ്ഞു.
നിർമല സീതാരാമന്റെ മനസ് നിർമലമായ മനസ് എന്നാണ് താൻ വിചാരിച്ചതെന്ന് എകെ ബാലൻ പറഞ്ഞു. മുഴുവൻ തൊഴിലാളികളെയും അപമാനിക്കുന്ന പരാമർശമാണ് മന്ത്രിയുടേതെന്ന് അദേഹം കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാവാം. അതിനെ സാമാന്യവത്ക്കരിക്കുന്നത് തെറ്റാണെന്ന് എകെ ബാലൻ വ്യക്തമാക്കി.
ബസിൽ നിന്നും ഇറങ്ങി ലഗേജുമായി പോകുമ്പോൾ പോലും നോക്കുകൂലി നൽകേണ്ടി വരുന്നുവെന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്നുമായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ രാജ്യ സഭയിൽ പറഞ്ഞിരുന്നത്.
അതേസമയം ആശാവർക്കുമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും എൽഡിഎഫ് സമരത്തിന് എതിരല്ലെന്നും എകെ ബാലൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് അദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് തന്നെ പറയുന്നുവെന്ന് അദേഹം പറഞ്ഞു.
Story Highlights : CPIM leader AK Balan against FM Nirmala Sitharaman’s Nokku kooli remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here