SKN40: ലാലേട്ടന്റെ വരവിനായി കാത്തിരിക്കുന്ന ജന്മഗ്രാമം, പ്രകൃതിയോട് ചേർന്ന ഇലന്തൂർ പുന്നയ്ക്കല്‍ തറവാട്: കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട. ഗ്രാമാന്തരങ്ങളിലൂടെ ജില്ലയിലെ വിവിധ കലാലയങ്ങളിലേക്കെത്തിയ യാത്രയ്ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇന്ന് കേരള യാത്ര മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ജനിച്ച ഇലന്തൂരിലെത്തി.
പത്തനംതിട്ട ഇലന്തൂരിലെ പുന്നയ്ക്കല്‍ തറവാടിനെയും നാട്ടുകാരെയും പരിചയപ്പെടുത്തി. ലാലേട്ടൻ ഇടയ്ക്കൊക്കെ തന്റെ നാടായ ഇലന്തൂരിൽ വരണമെന്ന് നാട്ടുകാരും അഭ്യർത്ഥിച്ചു. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാൽ ജനിച്ചത്. പിന്നീട് പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. കാലം എത്ര കടന്നു പോയാലും ഇലന്തൂർ എന്ന ദേശത്തിന് അഭിമാനമായി മോഹൻലാലിൻ്റെ ജന്മനാട് എന്ന പെരുമ ജ്വലിച്ചു നിൽക്കുന്നു.
പത്തനംതിട്ട ഇലന്തൂരിലെ പഴമ നിറഞ്ഞ ഈ വീട് പക്ഷേ ആ വീട്ടുകാരെ സംബന്ധിച്ചു മാത്രമല്ല, മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരാഗത ശൈലിയിൽ നിർമിച്ച, ഓടിട്ട ഒറ്റനില വീടാണിത്. പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ജനാലകളും റെഡ് ഓക്സൈഡ് പാകിയ നിലവുമൊക്കെ നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ് ഈ വീടിന്റെ കാഴ്ചകൾ.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീടാണ് ഇലന്തൂരിലേത്. പുന്നയ്ക്കല്‍ തറവാടെന്ന ആ വീട് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഊട്ടിയിലും വീടുകളുണ്ടെങ്കിലും മോഹൻലാലിന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന വീടുകളിൽ ഒന്നാണിത്.
പിൽക്കാലത്ത്, അച്ചന്റെ ജോലിയുമായി ബന്ധപ്പെട്ട് മോഹൻലാലും അമ്മയും സഹോദരനുമൊക്കെ തിരുവന്തപുരത്തേക്ക് മാറുകയായിരുന്നു. താരത്തിനു അഞ്ച് വയസ്സായപ്പോഴാണ് അച്ഛൻ വിശ്വനാഥൻ നായർ തിരുവനന്തപുരം മുടവൻമുഗളിലെ കേശവദേവ് റോഡിൽ പുതിയ വീട് പണി കഴിപ്പിച്ചത്.
ഹിൽവ്യൂ എന്ന വീട്ടിലാണ് പിന്നീട് താരം തന്റെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ ചെലവഴിച്ചത്. മോഹൻലാലിന്റെ സിനിമാജീവിതത്തിലും ഹിൽവ്യൂ എന്ന വീടിനു വലിയ പ്രാധാന്യമുണ്ട്. താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടിൽ നിന്നാണ്. 1978ല്‍ ‘തിരനോട്ടം’ എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. ഏതായാലും തങ്ങളുടെ സ്വന്തം ലാലേട്ടന്റെ വരവിനായി കാത്തിരിക്കുകയാണ് ഇലന്തൂർ നിവാസികൾ.
Story Highlights : SKN40 Mohanlal’s Home in Elanthoor Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here