ലെവിന്‍ഡോസ്‌കിക്ക് പകരക്കാരനാകാന്‍ ആ അര്‍ജന്റീന താരം ബാഴ്‌സയിലേക്കോ? അതോ അത്‌ലറ്റികോ നിലനിര്‍ത്തുമോ?

അര്‍ജന്റീനയുടെ ഖത്തര്‍ ലോക കപ്പ് വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസിനെ കാത്ത് പുതിയ തട്ടകം. ബാഴ്‌സലോണയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വലിയ തുകക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയ താരം 44 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും അഞ്ച് അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന് പകരക്കാരനായി അത്‌ലറ്റികോയുടെ ആക്രമണ നിരയിലെ കുന്തമുന കൂടിയാണ് അല്‍വാരസ്. 2022 ജനുവരിയില്‍ മാന്‍സിറ്റിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ബാഴ്‌സയിലേക്ക് മാറാനുള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു. 2021-ലെ അവസാന മാസങ്ങളില്‍ 22 മില്യണ്‍ യൂറോക്ക് അല്‍വാരെസിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ 60 മില്യണ്‍ യൂറോക്ക് എത്തിയ മാന്‍ സിറ്റിയില്‍ നിന്നുള്ള ഫെറാന്‍ ടോറസിനെ സ്വന്തമാക്കുന്നതിനായിരുന്നു മാനേജ്‌മെന്റ് കൂടുതല്‍ താല്‍പ്പര്യമെടുത്തത്.
അതേ സമയം ബാഴ്സലോണക്ക് ഈ ഘട്ടത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത സ്‌ട്രൈക്കറാണ് ഇപ്പോള്‍ അല്‍വാരസ്. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് പകരം അതേ മികവുള്ള ഒരു കളിക്കാരനെയാണ് ബാഴ്‌സക്ക് ആവശ്യം. എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോള്‍ താരത്തെ കൈമാറാന്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Story Highlights: Will Julian Alvarez join Barcelona?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here