വയനാട്ടില്‍ ആദിവാസി മേഖലയില്‍ അമേരിക്കന്‍ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, 24 IMPACT

വയനാട് ജില്ലയിലെ ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആര്‍ത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അനുമതിയില്ലാതെ അമേരിക്ക ആസ്ഥാനമായുള്ള ലാബിന്റെ പരീക്ഷണം ട്വന്റിഫോര്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഏപ്രില്‍ 8ന് സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും
മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷിക്കാന്‍ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആരോപണമുയര്‍ന്നത്.
വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ഒരു സെമിനാറിലാണ് സ്ത്രീകളുടെ ആര്‍ത്തവചക്രം സംബന്ധിക്കുന്ന വിവരങ്ങളറിയാന്‍ ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ പരീക്ഷണം നടന്നത്. കഴിഞ്ഞ 20 മുതല്‍ 22 വരെയാണ് ‘ഉദ്യമ’ എന്ന പേരില്‍ സെമിനാര്‍ നടന്നത്. അമേരിക്ക ആസ്ഥാനമായുള്ള ലാബിന്റെ പരീക്ഷണമാണ് നടന്നതെന്ന് പറയുന്നു. ഇതിനു ശേഷം മാനന്തവാടിയിലെ ആദിവാസി മേഖലയിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചതായി മനസിലാക്കുന്നു. ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ ഉപകരണം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ ഉപകരണം വിതരണം ചെയ്‌തോ എന്നറിയില്ല – വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഇത് ഒരു ബയോ ഇലക്ട്രോണിക് ഡിവൈസാണ്. ഒരു മോതിരം പോലെ വിരലില്‍ അണിയണം. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത് നല്‍കിയിട്ടുണ്ട്. കോളജിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളജ് അധികൃതര്‍ ആദ്യം പട്ടികവര്‍ഗ വകുപ്പിനെ പരീക്ഷണത്തിനായി സമീപിച്ചിരുന്നു. വകുപ്പ് 9 നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആദിവാസി മേഖലയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ അനുമതി വേണം എന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ല. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ സര്‍വ്വേ നടത്തിയെന്നാണ് ആരോപണം. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിര്‍മ്മിച്ച ഉപകരണമായതിനാല്‍ നിര്‍മ്മാതാക്കള്‍ക്ക് എവിടെയിരുന്നും വിവരങ്ങള്‍ ശേഖരിക്കാമെന്നും ആക്ഷേപമുണ്ട്.
Story Highlights : Menstrual health experiment in tribal areas of Wayanad: Human Rights Commission has filed a case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here