44 ബില്യൺ ഡോളറിന് വാങ്ങിയ എക്സ് 33 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് വിറ്റു; വാങ്ങിയത് സ്വന്തം കമ്പനി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമസ്ഥാവകാശം തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്‌എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിൻ്റെ കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ല.
2022 ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ (എക്സ്) വാങ്ങിയത്. പിന്നീട് എക്സിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്നാക്കി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച ശേഷം ഉള്ളടക്കത്തിലും മാറ്റം വരുത്തി. തെറ്റായ വിവരങ്ങൾ, ഉപയോക്തൃ പരിശോധന അടക്കം ചട്ടങ്ങൾ മാറ്റി.
രണ്ട് കമ്പനികളെയും ലയിപ്പിക്കുന്നത് കോടിക്കണക്കിന് ആളുകൾക്ക് സത്യം അന്വേഷിക്കുന്നതിനും അറിവ് നേടുന്നതിനും സഹായകരമാകുമെന്നാണ് മസ്കിൻ്റെ അഭിപ്രായം. എക്‌സ്‌എഐയുടെ കൃത്രിമ ബുദ്ധി വൈദഗ്ധ്യവും എക്‌സിന്റെ വിശാലമായ ഉപയോക്തൃ അടിത്തറയും ഇതിന് കരുത്തേകുമെന്നും അദ്ദേഹം പറയുന്നു.
എക്‌സ്‌എഐക്ക് 80 ബില്യൺ ഡോളറും എക്‌സിന് 33 ബില്യൺ ഡോളറുമാണ് മൂല്യമെന്നാണ് മസ്ക് പറയുന്നത്. കമ്പനികൾക്ക് 45 ബില്യൺ ഡോളറിൻ്റെയും 12 ബില്യൺ ഡോളറിൻ്റെയും ബാധ്യതകളാണ് ഉള്ളത്.
Story Highlights : Elon Musk sells X to his own xAI in $33 Billion stock deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here