വിവാദ കൊടുങ്കാറ്റിൽ കുലുങ്ങാതെ എമ്പുരാൻ; 200 കോടി ക്ലബിൽ

വിവാദങ്ങൾക്കിടെ എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിലെ ചില ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി കയറുന്നതിനിടെയാണ് നേട്ടം. നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജുമാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. ചരിത്രം സൃഷ്ടിച്ച് എമ്പുരാൻ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് .നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും.
ഇതിനിടെ എമ്പുരാന് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തി. സംവിധായകനും നടനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാത്മകമാണെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് പൂർത്തിയാക്കി എമ്പുരാൻ ഉടൻ തിയറ്ററുകളിലേക്ക് എത്തും. സിനിമയിലെ ആദ്യഭാഗത്തെ മൂന്നു മിനിറ്റാണ് എഡിറ്റ് ചെയ്തത്. സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേർ രംഗത്തെത്തി. എമ്പുരാന്റെ പേരിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ കടുത്ത വിമർശനമാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ നടത്തിയത്. എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്ത ഭാഗം നാളെ മുതൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. എഡിറ്റ് ചെയ്ത ഭാഗത്തിൽ വില്ലന്റെ പേരിന് മാറ്റമുണ്ട്. സിനിമയിലെ ചില സ്ഥലത്തിന്റെ പേരിലും, അന്വേഷണ ഏജൻസികളുടെ ബോർഡുകളും വെട്ടി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രം റീ എഡിറ്റ് ചെയ്തെങ്കിലും ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. സിനിമയുടെ പേരിലുയർന്ന വിവാദങ്ങളിൽ മോഹൻലാലിന്റെ ഖേദപ്രകടനം പൃഥ്വീരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്ത് മുരളീ ഗോപിയുടെ മൗനം ശ്രദ്ധേയമാണ്.
Story Highlights : Empuraan joins 200 crore club within days of release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here