ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു.
ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതി അറിയിച്ചിരുന്നു . ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിൽ നിന്നും വീട്ടിൽ നിന്നും ഉണ്ടായ സമ്മർദ്ദം ആണെന്നാണ് പോലീസിന്റെ എഫ്ഐആർ.
ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം.
Story Highlights : Ettumanoor mother and children death case, accused noby granted bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here