ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്. നിരോധിത ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നതിലും സ്വർണകടത്തിലും ഇയാൾ പ്രധാനിയെന്നും എക്സൈസ് വ്യക്തമാക്കി.
രണ്ടരക്കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താനെയും കൂട്ടാളി ഫിറോസും എക്സൈസ് പിടിയിലായത്. തസ്ലീമയുടെ ചാറ്റുകൾ ഉൾപ്പടെ ഫോണിലെ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻ തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത് . തസ്ലീമയുടെ അറസ്റ്റിന് പിന്നാലെ കൊടും കുറ്റവാളികൾ താമസിക്കുന്ന മേഖലയിലായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞതെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.
Read Also: പുതിയ മദ്യ നയത്തിൽ ടൂറിസത്തിന് ഊന്നൽ; നയം എത്രയും വേഗം പ്രാബല്യത്തിൽ വരും , മന്ത്രി എം ബി രാജേഷ്
നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌ലാൻഡ് , മലേഷ്യ, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. മലേഷ്യ യാത്രയ്ക്ക് ശേഷം സുൽത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ട് ആയിരുന്നു. ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എന്ന പേരിലാണ് വിദേശയാത്ര നടത്തിയതെന്നും എക്സൈസ് കണ്ടെത്തലിൽ വ്യക്തമാകുന്നു. ഒടുവിൽ മലേഷ്യയിൽ നിന്ന് ആറര കിലോ ഹൈബ്രിഡ് കഞ്ചാവാണ് എത്തിച്ചത്. ആലപ്പുഴയിൽ നിന്ന് തസ്ലീമയെ പിടി കൂടുമ്പോൾ മൂന്നു കിലോ കഞ്ചാവ് മാത്രമാണ് ഉണ്ടായത്. ബാക്കി മൂന്നര കിലോ കഞ്ചാവ് ആർക്ക് കൈമാറിയെന്നുള്ളതിലെ അന്വേഷണവും പുരോഗമിക്കുന്നു. തസ്ലീമയ്ക്കാണ് സിനിമ മേഖലയുമായി ബന്ധമുള്ളതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Story Highlights : Alappuzha hybrid cannabis case; Sultan arrested, a link in the drug mafia gang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here