ആശാവര്‍ക്കേഴ്സിന്റെ രാപകല്‍ സമരം ഇന്ന് 60ാം ദിവസം; തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി തദ്ദേശസ്ഥാപനങ്ങള്‍

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവര്‍ക്കേഴ്സിന്റെ രാപകല്‍ സമരം ഇന്ന് 60ാം ദിവസം. സമരത്തിലുള്ള ആശമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ആശമാരെ നേരിട്ട് വിളിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്. ആശ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
ആശാവര്‍ക്കേഴ്സിന്റെ സമരം തീര്‍ക്കണം എന്ന് സമരക്കാര്‍ കൂടി വിചാരിക്കേണ്ടേയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ല. ഇതില്‍ വാശിയൊന്നും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 6000 രൂപയാണ് ഓണറേറിയത്തില്‍ വര്‍ധിപ്പിച്ചത്. 13000 രൂപയില്‍ 10000 രൂപയും സംസ്ഥാനമാണ് നല്‍കുന്നത്. ഇത്രയും നല്കുന്ന സര്‍ക്കാരിന് എതിരെയാണോ, അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാര്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശമാരില്‍ 95 ശതമാനവും സമരത്തിലില്ല. എന്നിട്ടും അവരെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. തൊഴില്‍ മന്ത്രിയും ചര്‍ച്ച നടത്തി.സര്‍ക്കാര്‍ നടപ്പാക്കാന്‍ പറ്റുന്ന പലതും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. എല്ലാം ചെയ്തു എന്നിട്ടും 21000 രൂപ എന്ന നിലപാടില്‍ നില്‍ക്കുന്നുവെന്ന് മുഖമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കാതെ ആണെന്നാണ് ആശമാരുടെ മറുപടി.
കഴിഞ്ഞദിവസം തൊഴില്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാം ചെയ്തെന്നും ഇനി വിട്ടുവീഴ്ച ഇല്ലെന്നുമായിരുന്നു തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
Story Highlights : ASHA workers’ day-night strike enters its 60th day today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here