തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും; തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടെ ഡല്‍ഹിയില്‍ എത്തും. തിഹാര്‍ ജയിലിലാകും പാര്‍പ്പിക്കുക. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് NIA ആവശ്യപ്പെടും.
തിഹാര്‍ ജയിലില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണ യെ ഇന്ത്യക്ക് കൈമാറിയത്.
റാണയെ ഇന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. ചോദ്യം ചെയ്യലില്‍ മുംബൈ ഭീകരാക്രമണ കേസില്‍ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് ഏജന്‍സികളുടെ കണക്കു കൂട്ടല്‍. റാണയെ കൈമാറുന്നതിന്റ ഭാഗമായി സുരക്ഷ, നിയമപരമായ അവകാശങ്ങള്‍, ജയില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യ യുഎസ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Read Also: അഞ്ച് വിമാനങ്ങളിൽ ഡിവൈസുകൾ എത്തിച്ച് ആപ്പിൾ;തീരുവ യുദ്ധത്തിൽ അടിപതറാതിരിക്കാൻ നടപടിയുമായി കമ്പനി
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ, ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി തഹാവൂര്‍ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
2011ലാണ് ഭീകരാക്രമണത്തില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 13 വര്‍ഷത്തെ ജയില്‍ ശിക്ഷയും ലഭിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. 2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Story Highlights : Tahawwur Rana to be brought to India today; will be lodged in Tihar Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here