തിയറ്ററുകൾ ഇളക്കി മറിച്ച് ഗുഡ് ബാഡ് അഗ്ലിയിലെ പുലി-പുലി ഗാനം

അജിത്ത് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഗുഡ് ബാഡ് അഗ്ലിയിലെ പുലി-പുലി എന്ന ഗാനം റിലീസ് ചെയ്തു. റാപ്പ് ഗായകൻ ഡാർക്കിയുടെ ആലാപനത്തിൽ വർഷങ്ങൾക്ക് മുൻപേ തന്നെ റിലീസായി വമ്പൻ ഹിറ്റായി മാറിയ ഗാനത്തിന്റെ ‘ഏക് ദി ടൈഗർ’ എന്ന പേരിലുള്ള റീമിക്സ്ഡ് പതിപ്പാണ് ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചത്. അജിത്തിന്റെ മുൻ ചിത്രങ്ങളുടെ അനേകം റെഫറൻസുകളുടെ ഒരു മാഷപ്പിന്റെ സ്വഭാവമാണ് ചിത്രത്തിനെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ സംവിധായകൻ ആദിക്ക് രവിചന്ദ്രന്റെ മുൻചിത്രമായ മാർക്ക് ആന്റണി പോലെ തന്നെ ഗുഡ് ബാഡ് അഗ്ലിയിലും റെട്രോ ഗാനങ്ങൾ കുറച്ചധികം സീനുകളിൽ ഉപയോഗിച്ചിട്ടുണ്ട്. അതിലൊന്നായാണ് ഡാർക്കിയുടെ പുലി-പുലി എന്ന ഗാനം ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിൽ ഡാർക്കി ഒരു രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
40 മില്യൺ കാഴ്ചക്കാരെ യൂട്യൂബിൽ നേടിയ ചിത്രത്തിന്റെ ട്രെയ്‌ലറിലും പുലി-പുലി ഗാനമായിരുന്നു ഉപയോഗിച്ചത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം റീലിസിൽ വമ്പൻ തരംഗം സൃഷ്ട്ടിച്ച ‘അക്ക മക’ എന്ന ഗാനവും ഡാർക്കി പാടി ഹിറ്റാക്കിയിട്ടുണ്ട്. 2 ഗാനങ്ങളും റിലീസ് ചെയ്ത് പത്തിലധികം വർഷങ്ങൾക്ക് ശേഷമാണ് ആരാധകർ നെഞ്ചേറ്റിയത് എന്നതും ശ്രദ്ധേയമാണ്.
ജി.വി പ്രകാശ് സംഗീത സംവിധാനം നിർവഹിച്ച ഗുഡ് ബാഡ് അഗ്ലിയിൽ അജിത്തിനൊപ്പം തൃഷ, അർജുൻ ദാസ്, ജാക്കി ഷെറഫ്, കാർത്തികേയ ദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽനിന്നും ലഭിച്ചിരിക്കുന്നത്.
Story Highlights :The Puli-Puli song from Good Bad Ugly has shaken up the theaters.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here