‘ചുറ്റുമുള്ളവരെ മറക്കരുത്’; മാതാ അമൃതാനന്ദമയിയുടെ ഉപദേശം ജീവിതം മാറ്റിമറിച്ചെന്ന് സെയിൽസ് ഫോഴ്സ് സ്ഥാപകൻ മാർക് ബെനിയോഫ്

ഇന്ത്യയുമായുള്ള ആത്മീയബന്ധം വിവരിച്ച് ലോക പ്രശസ്ത കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് പ്ലാറ്റ്‌ഫോമായ സെൽസ്‌ഫോഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ മാർക് ബെനിയോഫ്. ദി എക്കണോമിക് ടൈസിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകൾ മാറ്റിയ സംഭവങ്ങളെക്കുറിച്ച് മാർക് ബെനിയോഫ് മനസുതുറന്നത്.
1996-97കാലത്ത് തിരുവനന്തപുരത്ത് മാതാ അമൃതാനന്ദമയിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് സെയിൽസ്ഫോഴ്സ് എന്ന ആശയം പ്രാവർത്തികമാക്കാൻ തനിക്ക് ഊർജം നൽകിയതെന്ന് ബെനിയോഫ് പറയുന്നു. “ഞാൻ അമ്മയോട് എന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. ലോകത്തെ മാറ്റിമറിക്കുവാനുള്ള ഈ അന്വേഷണത്തിൽ മോൻ മറ്റുള്ളവർക്കുകൂടി എന്തെങ്കിലും ചെയ്യാൻ മറക്കരുതെന്ന് അമ്മ എന്നെ ഓർമിപ്പിച്ചു. ആ വാക്കുകളാണ് എൻ്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങൾക്കും പിറകിൽ” – ബെനിയോഫ് വ്യക്തമാക്കി.
തന്റെ ഗുരുവിൽ നിന്ന് ലഭിച്ച ഉപദേശത്തിൻ്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് സെൽസ്‌ഫോഴ്‌സിനെ സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയാക്കി തീർക്കാൻ തീരുമാനിച്ചതെന്നും ബെനിയോഫ് പറഞ്ഞു. സെയിൽസ്‌ഫോഴ്സിന് ഇന്ന് 24,800 കോടി ഡോളറിന്റെ മൂല്യമുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റത്തിനൊപ്പം പതിവു വ്യവസായ മാർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സെൽസ്‌ഫോഴ്‌സിനെ മുന്നോട്ട് നയിക്കുന്നതാണ് ബെനിയോഫിന്റെ കാഴ്ചപ്പാട്. വരുമാനത്തിന്റെ ഒരു ശതമാനവും ജീവനക്കാരുടെ സമയത്തിന്റെ ഒരു ശതമാനവും സാമൂഹിക സേവനത്തിനായിട്ടാണ് കമ്പനി മാറ്റിവെക്കുന്നത്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിവിധ സാമൂഹിക പദ്ധതികളും സെൽസ്‌ഫോഴ്‌സ് നടപ്പാക്കിവരുന്നു.
Story Highlights : salesforce ceo marc benioff remembers life lessons from Mata Amritanandamayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here