പൊലീസിനെതിരായ ഭീഷണി പോസ്റ്റ്; പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. പൊലീസിനെതിരെ ഫേസ്ബുക്കിൽ ഭീഷണിക്കുറിപ്പിട്ടതിനാണ് കേസെടുത്തത്. കാണേണ്ട പോലെ കാണുമെന്നായിരുന്നു ജയഘോഷിന്റെ ഫേസ്ബുക് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചായിരുന്നു ജയഘോഷിന്റെ ഭീഷണി.
തനിക്കെതിരെ കേസെടുത്തത് ആർഎസ്എസിന്റെ നിർദേശപ്രകാരമെന്ന് ജയഘോഷ് പ്രതികരിച്ചു.ആഭ്യന്തരം നിയന്ത്രിക്കുന്നത് വത്സൻ തില്ലങ്കേരിയാണെന്നും ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് മാറ്റുന്നത് വരെ പാലക്കാട് നഗരസഭയ്ക്കെതിരെ പ്രതിഷേധം തുടരുമെന്നും ജയഘോഷ് വ്യക്തമാക്കി.പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. മർദ്ദിച്ച പൊലീസുകാരെ തുറന്ന് കാണിക്കുകയാണ് ചെയ്തതെന്നും കെ എസ് ജയഘോഷ് കൂട്ടിച്ചേർത്തു.
കെ എസ് ജയഘോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് കോൺഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ?. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങൾ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ പി.ടി.അജ്മൽ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ പൊതു ജനത്തേയും ഞങ്ങൾ ക്ഷണിക്കുകയാണ്.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഉള്ള നരഭോജികളെ അറിയുമെങ്കിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?
Story Highlights : Case Filed Against Palakkad Youth Congress President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here