ഒരു എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്; സഞ്ജുവിന് പകരക്കാരൻ, ചരിത്രംകുറിച്ച് 14 കാരൻ വൈഭവ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻഷി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിന് അവസരമൊരുങ്ങിയത്.ക്യാപ്റ്റന്‍ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായതോടെ രാജസ്ഥാന്‍ ഇന്നിംഗ്സില്‍ ഇംപാക്ട് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കി.
2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറിയ പ്രയാസ് റേ ബർമന്റെ റെക്കോഡ് മറികടന്നു.
ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാളായിരുന്നു. പിന്നീട് ഐപിഎല്‍ കരിയറിലെ ആദ്യ പന്ത് നേരിട്ട ആദ്യ വൈഭവ് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സിന് പറത്തിയാണ് തന്റെ വരവറിയിച്ചത്.
ഒരു എട്ടാം ക്ലാസുകാരന്‍റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ നേരത്തെ എഴുന്നേറ്റുവെന്ന് പറഞ്ഞ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്തൊരു അരങ്ങേറ്റമാണെന്നും സോഷ്യൽ മീഡിയയില്‍ കുറിച്ചു. പതിനാലാം വയസില്‍ നിങ്ങളൊക്കെ എന്തു ചെയ്യുകയായിരുന്നു, ഇവിടെയൊരു പയ്യന്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ അവന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയിരിക്കുന്നു, അതാണ് ഐപിഎല്ലിന്‍റെ സൗന്ദര്യം എന്നായിരുന്നു മുന്‍ താരം ശ്രീവത്സ് ഗോസ്വാമി വൈഭവിന്‍റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.
ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.
Story Highlights : 14 year old vaibhav suryavansh hits first ball six
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here