Advertisement

ജനന ഭാഗ്യം ഒന്നല്ല ‘രണ്ട്’ ;വൈദ്യശാസ്ത്ര ലോകത്തിന് നേട്ടമായി ആൺകുഞ്ഞിന് ഇരട്ട ജന്മം

April 21, 2025
2 minutes Read

വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും വളര്‍ച്ചയും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒരു അത്ഭുത വാര്‍ത്തയാണ് ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്ത് വരുന്നത്. ഇവിടെ ലൂസി ഐസക് – ആദം ദമ്പതികളുടെ നവജാത ശിശുവിന് രണ്ട് തവണയാണ് ജനന ഭാഗ്യം കിട്ടിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുമെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കള്‍ കടന്നുപോയ നിമിഷങ്ങള്‍ ഏറെ സങ്കീര്‍ണത നിറഞ്ഞതായിരുന്നു.

Read Also: ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കും; അത്യപൂർവ ട്രിപ്പിൾ കൺജങ്ഷൻ ഈ മാസം 25 ന്

32 വയസ്സുകാരിയായ ലൂസി 12 ആഴ്ച ഗര്‍ഭിണിയായിരിക്കെ നടത്തിയ പതിവ് സ്‌കാനിങ്ങിലാണ് അണ്ഡാശയ കാന്‍സര്‍ സ്ഥിതീകരിക്കുന്നത്. ഗര്‍ഭിണിയായതിനാല്‍ പ്രസവശേഷമാകാം ചികിത്സയെന്ന് കരുതിയെങ്കിലും ചികിത്സ വൈകിപ്പിക്കുന്നത് രോഗം ശരീരത്തില്‍ മുഴുവന്‍ പകരുന്നതിന് കാരണമാകുമെന്ന് ഡോക്ടറര്‍മാര്‍ അറിയിച്ചു. താക്കോല്‍ദ്വാര ശസ്ത്രക്രിയയും ആ സമയം പ്രയോഗികമായിരുന്നില്ല. സാഹചര്യങ്ങള്‍ മുഴുവന്‍ പ്രതികൂലമായിരുന്നിട്ടും ലൂസി വൈദ്യശാസ്ത്രത്തില്‍ വിശ്വസിച്ചു. അങ്ങനെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. സോളൈമാനി മജീദിന് നേതൃത്വത്തില്‍ 20 ആഴ്ച ഗര്‍ഭിണിയായിരിക്കെ ലൂസിയെ അണ്ഡാശയ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിര്‍ത്തികൊണ്ട് അവയവം പുറത്തെടുത്ത് മുഴകള്‍ നീക്കം ചെയ്യുക എന്ന വഴിയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. ഇതിനായി അവര്‍ ഗര്‍ഭപാത്രം പുറത്തെടുക്കുകയും താപനില നിലനിര്‍ത്താനായി ചൂടുള്ള ഉപ്പുവെള്ള പാക്കറ്റില്‍ പൊതിയുകയും ചെയ്തു. ഗര്‍ഭസ്ഥശിശുവിന്റെ താപനില കുറയുന്നത് തടയാനായി രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഓരോ അരമണിക്കൂറിലും പാക്കറ്റ് മാറ്റി. നീണ്ട അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സമ്പൂര്‍ണ വിജയമാവുകയും ജനുവരിയില്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കി ലൂസി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

അങ്ങനെ വൈദ്യശാസ്ത്ര ലോകത്തിന് ‘ഇരട്ട ജന്മം’ ലഭിച്ച കുഞ്ഞായി അവന്‍ മാറി. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ലൂസിയും റാഫെര്‍ട്ടിയും ജോണ്‍ റാഡ്ക്ലിഫ് ആശുപത്രി സന്ദര്‍ശിച്ച് സര്‍ജന്‍ സോളൈമാനി മജീദിന് നന്ദി പറയുകയും ചെയ്തു.

യുകെയില്‍ പ്രതിവര്‍ഷം 7,000 സ്ത്രീകളെ അണ്ഡാശയ അര്‍ബുദം ബാധിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. ഇതില്‍ മൂന്നില്‍ രണ്ട് കേസുകളിലും രോഗനിര്‍ണയം വൈകിയാണ് നടക്കുന്നതെന്നും പ്രതിവര്‍ഷം 4,000-ത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Story Highlights : A rare medical miracle, a baby in the UK was “born twice”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top