‘മാർപ്പാപ്പ ഇന്ത്യ സന്ദർശനം ആഗ്രഹിച്ചിരുന്നു, സർക്കാരിൻ്റെ വാതിലുകൾ മുട്ടിയിട്ടും തുറന്നില്ല’; ഡൽഹി ആർച്ച് ബിഷപ്പ്

മാർപ്പാപ്പ ഇന്ത്യ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ.എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സർക്കാരിൻ്റെ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും തുറന്നില്ലെന്നും മാർപ്പാപ്പ പറഞ്ഞിരുന്നതായി അനിൽ കൂട്ടോ വ്യക്തമാക്കി.
ഇപ്പോൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങനെ ഉണ്ടായി. മനുഷ്യത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു മാർപാപ്പ. പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി മാറി. സമൂഹത്തിൻ്റെ മാറ്റത്തിനായും പ്രകൃതിക്കായും മാർപ്പാപ്പ നിലകൊണ്ടുവെന്നും അനിൽ കൂട്ടോ അനുസ്‌മരിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ സന്ദർശനം. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കം.
2025 ൽ റോമിൽ നടക്കുന്ന “ജൂബിലി വർഷ” ആഘോഷങ്ങളുടെ സമാപനത്തിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ.
പോപ്പിന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിൽ ഈ പ്രഖ്യാപനം ഏറെ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വളരെക്കാലമായി കാത്തിരുന്ന കത്തോലിക്കർക്ക് ഈ വിയോഗവാർത്ത തീർത്തും വേദനാജനകം തന്നെയാണ്.
Story Highlights : Anil Joseph Thomas Couto remembers Pope Francis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here