ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള നിലപാട്, ദ്വിരാഷ്ട്ര പരിഹാരം, ഗസ്സയ്ക്കായുള്ള പ്രാര്‍ത്ഥന; സഭയെയാകെ സ്‌നേഹത്തിന്റെ പാതയില്‍ ചലിപ്പിച്ച പാപ്പ

പൗലോസ് അപ്പസ്തോലന്‍ കൊറിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ സ്‌നേഹത്തെക്കുറിച്ച് കവിത പോലൊരു വാക്യമുണ്ട്. ‘ഞാന്‍ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ… എനിക്ക് പ്രവചനശക്തിയുണ്ടെന്നാലും എല്ലാ രഹസ്യങ്ങളും എല്ലാ അറിവും നേടിയെന്നാലും മലകളെ മാറ്റാന്‍ തക്ക വിശ്വാസം എനിക്കുണ്ടെന്നാലും സ്‌നേഹമില്ലെങ്കില്‍, ഞാന്‍ ഒന്നുമല്ല. എനിക്കുള്ളതെല്ലാം ഞാന്‍ ദാനം ചെയ്താലും, എന്റെ ശരീരം ചുട്ടുകളയാന്‍ ഏല്‍പ്പിച്ചാലും, സ്‌നേഹമില്ലെങ്കില്‍, എനിക്ക് ഒന്നും ലഭിക്കുന്നില്ല. സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്; സ്‌നേഹം അസൂയപ്പെടുന്നില്ല, പൊങ്ങച്ചം പറയുന്നില്ല; അത് അഹങ്കാരമോ പരുഷമോ അല്ല. അത് നീരസമുള്ളതല്ല. അത് പ്രകോപിപ്പിക്കുന്നില്ല….’ മലകളെ മാറ്റാന്‍ തക്ക വിശ്വാസമുള്ളവനായിരുന്നുവെങ്കിലും അതിലുമേറെ സ്‌നേഹത്തെ കൈയിലേന്തിയ നല്ലിടയനാണ് വിടവാങ്ങിയിരിക്കുന്നത്. ദാനത്തെക്കാളേറെ, പ്രവചനങ്ങളേക്കാളേറെ, അറിവുകളേക്കാളേറെ, ഒരു പക്ഷേ വിശ്വാസത്തേക്കാളേറെ സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ജീവിതത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ കാട്ടിക്കൊടുത്തു. വിവേചനമോ അസൂയയോ സങ്കുചിതത്വമോ അധൈര്യമോ ഇല്ലാതെ തെളിഞ്ഞ സ്‌നേഹത്തിന്റെ പാതയിലൂടെ മാത്രം സഭയെ നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുനിഞ്ഞിറങ്ങിയപ്പോള്‍ സഭയും ലോകക്രമവും വിശ്വാസികളുമെല്ലാമെല്ലാം ആ മാറ്റത്തിന്റെ പാതയെ പിന്തുടര്‍ന്നു. കത്തോലികസഭയെന്നത് ചലനാത്മകമായ ഒരു സ്ഥാപനമെന്നും അതിന്റെ നേതാവിന് ഉത്തരമില്ലാത്ത ചോദ്യങ്ങളെ പോലും വളരെ തുറന്ന് ധീരമായി നേരിടാനാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ കാട്ടിക്കൊടുത്തു. സ്‌നേഹത്തിനായി എന്നും വാദിക്കുന്ന അഭിഭാഷകനായി ഉയര്‍ന്നുനിന്ന മാര്‍പാപ്പ ചിലപ്പോഴെങ്കിലും കടുത്ത യാഥാസ്ഥിത വിഭാഗത്തിന്റെ നെറ്റിച്ചുളിപ്പിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ മാനവ സ്‌നേഹവും അത് ഉയര്‍ത്തിപ്പിടിക്കാന്‍ കാട്ടിയ ധീരതയും ഓര്‍മിപ്പിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാകും. (The people’s pontiff who changed the Catholic conscience)
പലസ്തീനും ഗസ്സയ്ക്കും ഒപ്പം നിന്ന പോപ്പ്
ഇസ്രയേല്‍-ഹമാസ് യുദ്ധവേളയില്‍ പോപ്പ് പ്രാര്‍ത്ഥിച്ചതും വേദനിച്ചതും ഗസ്സയിലെ നിരാലംബരായ മനുഷ്യരെ ഓര്‍ത്താണ്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തില്‍ ഉറച്ച് വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അവരുടെ അഭയാര്‍ത്ഥിത്വത്തിനും അരക്ഷിതാവസ്ഥയ്ക്കും പരിഹാരം വേണമെന്ന് ലോകത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരം
പതിറ്റാണ്ടുകളായി ലോകത്തിന്റെയാകെ നീറുന്ന മുറിവായ ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമേ നമ്മുക്ക് മുന്നിലുള്ളൂവെന്ന് പാപ്പ പ്രസ്താവിച്ചു. ഇരുരാജ്യങ്ങളുടേയും സുരക്ഷയും ജനങ്ങളുടെ സമാധാനവും ഉറപ്പാക്കണമെന്നും കര്‍ത്താവിന്റെ ജന്മസ്ഥലത്ത് ഇസ്രയേലി, പലസ്തീനി സഹോദരീ സഹോദരന്മാര്‍ക്ക് സമാധാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പടികൂടി കടന്ന് അദ്ദേഹം ഗസ്സയിലെ ജനതയെ ദുരിതത്തിലാക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
Read Also:
ഇസ്ലാമുമായുള്ള സംവാദം
ക്രിസ്ത്യന്‍-ഇസ്ലാം സാഹോദര്യത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന പാപ്പ ഇരുസമുദായങ്ങളുടേയും യോജിപ്പുമായി ബന്ധപ്പെട്ട് ഗ്രാന്റ് ആയത്തൊള്ള അലി അല്‍ സിസ്റ്റാനിയുമായും ഗ്രാന്റ് ഇമാം അഹമ്മദ് എല്‍ തയ്യിബുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മതസൗഹാര്‍ദമുറപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മതനേതാക്കളെ കണ്ടു. 2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഗ്രാന്‍ ഇമാം എല്‍ തയ്യിബും ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് ലിവിങ് രേഖയില്‍ ഒപ്പുവച്ചു.
ന്യൂനപക്ഷങ്ങളോടുള്ള സ്‌നേഹവായ്പ്
ഇസ്ലാം-ക്രിസ്ത്യന്‍ സംഘര്‍മുള്ള പ്രദേശങ്ങളിലെല്ലാം അദ്ദേഹം സ്‌നേഹ സന്ദേശവുമായെത്തി. ഇരു വിഭാഗങ്ങളും തമ്മില്‍ സാഹോദര്യമുറപ്പിക്കാന്‍ അദ്ദേഹം ഇറാഖ് സന്ദര്‍ശിച്ചിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗനെ അദ്ദേഹം വത്തിക്കാനിലേക്ക് ക്ഷണിച്ചു. 2016ലെ ഒരു പത്രസമ്മേളനത്തിനിടെ അദ്ദേഹം ഇസ്ലാമെന്നാല്‍ അക്രമികളാണെന്ന ധാരണ പുലര്‍ത്തുന്നത് നല്ലതല്ലെന്ന് ഉറച്ച പ്രസ്താവന നടത്തി.
ലൈംഗിക ന്യൂനപക്ഷങ്ങളോടും സ്‌നേഹവായ്പ്
കാലങ്ങളായി സഭയ്ക്ക് പുറത്തായിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ചേര്‍ത്തുപിടിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ളെ കേള്‍ക്കാനും അവരുമായി ചര്‍ച്ച നടത്താനും അദ്ദേഹം പുരോഹിതരോട് ആവശ്യപ്പെട്ടു. സ്വവര്‍ഗാനുരാഗികളായ പുരോഹിതരെ സ്വീകരിക്കുന്ന കാര്യത്തിലെ അഭിപ്രായം ചോദിച്ചപ്പോള്‍ അതിന് മറുപടിയായി അവരെ വിധിക്കാന്‍ ഞാനാര് എന്ന് പാപ്പ ചോദിച്ചതും ഏറെ ചര്‍ച്ചയായി. അവരും ദൈവത്തിന്റെ മക്കളെന്ന് അദ്ദേഹം വിപ്ലവകരമായി നിലപാടെടുത്തു. ബാലപീഢകര്‍ക്കെതിരെ അദ്ദേഹം ശക്തമായ നടപടി സ്വീകരിച്ചു.
Story Highlights : The people’s pontiff who changed the Catholic conscience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here