ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു അണിയറ പ്രവര്‍ത്തകനും നോട്ടീസ് ലഭിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ പേരുവിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ എക്‌സൈസ് സംഘം നേരിട്ടെത്തിയാണ് ഇവര്‍ക്കെല്ലാം നോട്ടീസ് കൈമാറിയത്. ഈ മാസം 28ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. (alappuzha hybrid cannabis case notice issued to more celebrities)
നോട്ടീസ് നല്‍കിയിരിക്കുന്നവര്‍ക്ക് കഞ്ചാവ് കേസ് പ്രതി തസ്ലിമ സുല്‍ത്താനയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എക്‌സൈസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതില്‍ മൂന്ന് കിലോ പിടികൂടാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടുണ്ട്. ബാക്കി മൂന്ന് കിലോ എങ്ങോട്ട് പോയി എന്നതിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനാണ് അഞ്ചുപേരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കസ്റ്റഡികാലാവധി പൂര്‍ത്തിയാക്കുന്ന പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. പ്രതി തസ്ലീമ സുല്‍ത്താന്റെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി കാലാവധി നീട്ടി കിട്ടാനും എക്‌സൈസ് അപേക്ഷ നല്‍കിയേക്കാം.
Story Highlights : alappuzha hybrid cannabis case notice issued to more celebrities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here