‘സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്’; എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താൻ ഊർജമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ മരവിപ്പിച്ചത് അപക്വമെന്ന് പാകിസ്താൻ. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും , അപക്വമെന്നും പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും അദ്ദേഹം വിമർശിച്ചു.
സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താൻ ഊർജമന്ത്രി പറഞ്ഞു. “ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങൾ അതിനെ പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കും,” ലെഗാരി പറഞ്ഞു.
അതേസമയം ഇന്ത്യക്കെതരെ ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ രംഗത്തെത്തി. ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെങ്കിൽ തെളിവ് നൽകണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്നും ഇഷാഖ് ധർ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്.
എന്നാൽ ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങിയത്. പാകിസ്താനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിർത്തി പൂർണമായും അടച്ചു. ഇന്ത്യ പാക്ക് ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷമാരെ പിൻവലിച്ചു. പാക്കിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എസ്.വി.ഇ.എസ് വിസ ഇനി നൽകില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലവിൽ സ്വീകരിച്ചത്.
Story Highlights : Sardar Awais Leghari Slams India’s Indus Waters Suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here