പഹൽഗാം ഭീകരാക്രമണം; മുഖ്യ സാക്ഷി പ്രാദേശിക വീഡിയോഗ്രാഫർ, ദൃശ്യങ്ങൾ ശേഖരിച്ച് NIA

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസാക്ഷി പ്രാദേശിക വീഡിയോഗ്രാഫർ. വിനോദസഞ്ചാരികൾക്കായി ഇയാൾ റീലുകൾ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടാകുന്നത്. മൈതാനത്തിന്റെ രണ്ടു വശങ്ങളിൽ നിന്നുമായി ഭീകരർ എത്തുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഭീകരർ എത്തിയത് രണ്ടു പേർ അടങ്ങുന്ന രണ്ടു സംഘങ്ങളായിട്ടായിരുന്നു. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോഗ്രാഫാർ പകർത്തിയിരുന്നു.
ആക്രമണം നടത്തിയ മുഴുവൻ ഭീകരരെയും തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് നിഗമനം. എൻഐഎ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. വീഡിയോഗ്രാഫറിൽ നിന്നും എൻ ഐ എ മൊഴി എടുക്കുകയും ചെയ്തു. നാലു ഭീകരരിൽ ഒരാൾ ആദിൽ തോക്കർ എന്നാണ് സ്ഥിരീകരണം. ആക്രമണത്തിന് ഉപയോഗിച്ചത് എകെ-47, എം4 റൈഫിളുകളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പാകിസ്താനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ഡൽഹി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ഡൽഹിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ഹ്രസ്വകാല വിസയിൽ ഇന്ത്യയിലെത്തിയ ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ നിർദേശം നൽകിയിരുന്നു. സന്ദർശക വിസയിലും മെഡിക്കൽ വിസയിലും ഇന്ത്യയിലെത്തിയവരാണ് ഇവർ. മറ്റുള്ളവർ എട്ട് മുതൽ പത്ത് വർഷം വരെയായി ഇന്ത്യയിൽ കഴിയുന്നവരാണ്. ഇന്ത്യാക്കാരായ ജീവിത പങ്കാളികളുള്ള ഇവരുടെ പാക് പാസ്പോർട് പൊലീസിൽ സറണ്ടർ ചെയ്തിരിക്കുകയാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുമുണ്ട്.
Story Highlights : Pahalgam terror attack; Local videographer is the main witness, NIA collects footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here