വേടന് ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല്; നൽകിയത് തമിഴ്നാട്ടിലെ ആരാധകനെന്ന് വനം വകുപ്പ്

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാലയിലെ പല്ല് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
വേടന് കിട്ടിയത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ആരാധകനാണ് വേടന് പുലിയുടെ പല്ല് നൽകിയത്. അഞ്ചു വയസ്സ് പ്രായമുള്ള പുലിയുടെ പല്ല് എന്നും വിശദീകരണം.
തൃശൂരിലെത്തിച്ച് പുലിപ്പല്ലിൽ സ്വർണം കെട്ടുകയായിരുന്നു. മാലയിൽ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് വേടനെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് കോടനാടേയ്ക്ക് കൊണ്ട്‌പോകുക.
Read Also: കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിൽ; ലഹരി ഉപയോഗം സമ്മതിച്ചതായി പൊലീസ്
കഞ്ചാവ് കേസിൽ വേടന് ജാമ്യം ലഭിച്ചാലും വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കില്ല. കേസിൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. പുലിപ്പല്ല് തായ്‌ലന്റിൽ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം വനംവകുപ്പ് തള്ളുകയായിരുന്നു. സംരക്ഷിത പട്ടികയിൽപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നതും ഇന്ത്യയിൽ കുറ്റകരമാണ്.
Story Highlights : Rapper Vedan got real Indian leopard tooth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here