പാലിയേക്കരയിലെ ടോള്‍പ്പിരിവ് നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിക്കും; നടപടി ഉന്നതതല ഇടപെടലിനെ തുടര്‍ന്ന്

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍പ്പിരിവ് നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിക്കും. ഉന്നത തല ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ഇന്ന് രാത്രി തന്നെ ഉത്തരവ് മരവിപ്പിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് പാലിയേക്കരയിലെ ടോള്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്.
നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു ടോള്‍ താത്കാലികമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഈ ഉത്തരവ് മരവിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ടോള്‍ കമ്പനി പ്രധാനമന്ത്രിയുടെ ഓഫീസിനെയടക്കം ബന്ധപ്പെട്ടുകൊണ്ട് ഇത്തരത്തിലൊരു അധികാരം കലക്ടര്‍ക്കില്ല, ഉത്തരവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനെയും ഇതുമായി ബന്ധപ്പെട്ട് ടോള്‍ കമ്പനി സമീപിച്ചിട്ടുണ്ട്. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാനുള്ള നീക്കത്തിലേക്ക് ടോള്‍ കമ്പനി കടക്കുന്നത്. ഇന്ന് അര്‍ധരാത്രിയോടെ ഉത്തരവ് പിന്‍വലിക്കുമെന്നാണ് വിവരം.
Story Highlights : The District Collector’s order banning toll collection in Paliyekkara will be frozen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here