Advertisement

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിൽ എത്തി

16 hours ago
2 minutes Read

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിൽ എത്തി. ആദ്യ സംഘത്തിന് ഊഷ്മളമായ വരവേൽപ്പ് ആണ് മദീനയിൽ ലഭിച്ചത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് തീർഥാടകർ മക്കയിലേക്ക് പോകും.

ഇന്ന് രാവിലെയാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സൌദിയില് എത്തിത്തുടങ്ങിയത്. മദീനയിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ സൌദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി, സൌദി ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽ അസീസ് അൽ വസ്സാൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മദീനയിലെ വിവിധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ലക്നോവിൽ നിന്നുള്ള 288-ഉം ഹൈദരാബാദിൽ നിന്നുള്ള 262-ഉം തീർഥാടകരാണ് രാവിലെ മദീനയിൽ എത്തിയത്. വൈകുന്നേരം മുംബെയിൽ നിന്നുള്ള വിമാനം ഉൾപ്പെടെ സൗദി എയർലൈൻസിന്റെ 3 വിമാനങ്ങളിലായി ആയിരത്തോളം തീർഥാടകർ ആണ് ആദ്യ ദിവസം മദീനയിൽ എത്തുന്നത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് ഇവർ മക്കയിലേക്ക് പോകും. 1,22,518 തീർഥാടകരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 50,000-ത്തോളം തീർഥാടകർ മദീനയിലേക്കും ബാക്കിയുള്ളവർ ജിദ്ദയിലേക്കുമാണ് വരുന്നത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ മെയ് 10-ന് ആരംഭിക്കും.

അതേസമയം ജിദ്ദ വിമാനത്താവളം വഴിയും വിദേശ ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള 396 തീർഥാടകർ അടങ്ങുന്ന ആദ്യ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സൌദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മക്ക റൂട്ട് ഇനീഷ്യേറ്റീവ് വഴിയുള്ള ആദ്യ സംഘവും ഇന്ന് മലേഷ്യയിൽ നിന്നും മദീനയിൽ എത്തി. സൗദിയില് പൂർത്തിയാക്കേണ്ട ഇമിഗ്രേഷൻ നടപടിക്രമങ്ങൾ, പുറപ്പെടൽ കേന്ദ്രങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇനീഷ്യേറ്റീവ്.

Story Highlights : First Hajj group from India arrives in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top