പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി: പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി സ്വീകരിച്ച നിലപാട് എല്ലാവരും പിന്തുടരണമെന്ന് ഹൈക്കമാന്‍ഡ് പിന്നാലെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. എന്നാല്‍ പാക്കിസ്താനും കോണ്‍ഗ്രസിനും ഓരേസ്വരമെന്ന വിമര്‍ശനം ഉന്നയിക്കുകയാണ് ബിജെപി നേതാക്കള്‍.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ ബിഹാറിലെ ഒരു റാലിയില്‍ പ്രസംഗിക്കാന്‍ പോയ പ്രധാനമന്ത്രിയുടെ നടപടിയെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. നരേന്ദ്ര മോദിയുടെ പേര് എടുത്ത് പറഞ്ഞില്ലെന്നും അദ്ദേഹമെന്ന് തോന്നിക്കുന്ന ചിത്രം പങ്കുവച്ച് കാണാനില്ലെന്ന് അടിക്കുറിപ്പും നല്‍കി. കോണ്‍ഗ്രസിന്റെ ഓദ്യോഗിക സമൂഹമാധ്യമ അക്കൌണ്ടുകളില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപിക്കാര്‍ മാത്രമല്ല വിമര്‍ശനവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രി ഡല്‍ഹിയിലുണ്ടെന്ന് തനിക്ക് അറിയാമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പോസ്റ്റ്. തൃണമൂല്‍ കോണ്‍ഗസും വിമര്‍ശം ഉന്നയിച്ചു. പാകിസ്താനില്‍ നിന്നുള്ള പലരും പോസ്റ്റ് ഏറ്റുപിടിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് അപകടം മണത്തു.ഇന്നലെ രാത്രിയോടെ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റി പാര്‍ട്ടി നിലപാട് പ്രമേയമായി പാസാക്കിയിട്ടുണ്ട്. അതിനപ്പുറം പ്രതികരണങ്ങള്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
പാര്‍ട്ടി നേതൃത്വവുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് പോസ്റ്റര്‍ എത്തിയതെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡ് സമൂഹമാധ്യമങ്ങളുടെ ചുമതലയുള്ള സുപ്രിയാ ശ്രീനാഥേയും അറിയിച്ചതായാണ് വിവരം. പോസ്റ്റര്‍ ജനങ്ങള്‍ക്കിടയില്‍ വിപരീത ഫലം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
Story Highlights : Congress takes down ‘Gayab’ post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here