‘ടി സിദ്ദിഖ് പറഞ്ഞതാണ് വസ്തുത, ആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നില്ലെങ്കില്‍ സഹോദരി ഇപ്പോള്‍ മരിക്കില്ലായിരുന്നു’; ആരോപണവുമായി നസീറയുടെ കുടുംബം

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തിലാണ് വയനാട് സ്വദേശിയായ നസീറ മരിച്ചതെന്ന ആരോപണവുമായി സഹോദരന്‍ യൂസഫലി. ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് നസീറയുടെ കുടുംബത്തിന്റെ പ്രതികരണം. വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് സഹോദരി മരിക്കാന്‍ കാരണമായതെന്നും യൂസഫലി പ്രതികരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നുവെന്നും നസീറയുടെ മകളുടെ ഭര്‍ത്താവ് നൈസല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (nazira family allegation kozhikode medical college fire)
വ്യാഴാഴ്ച രാത്രിയാണ് നസീറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്നലെ നസീറ ജ്യൂസ് രൂപത്തില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നുവെന്നും കുടുംബം പറയുന്നു. പുക ഉയര്‍ന്നതോടെ എമര്‍ജന്‍സി ഡോര്‍ പോലുമില്ലാതിരുന്ന ആശുപത്രിയില്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഐസിയുവില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും രോഗികളെ പുറത്തേക്ക് ഇറക്കിയത്. വെന്റിലേറ്ററില്‍ നിന്ന് സഹോദരിയെ മാറ്റിയപ്പോള്‍ പകരം സംവിധാനങ്ങളൊന്നും സജ്ജമാക്കിയില്ല. ഇതാണ് നസീറ മരിക്കാന്‍ കാരണമായതെന്നും കുടുംബം ആരോപിച്ചു.
നസീറ ഉള്‍പ്പെടെ മൂന്നോളം രോഗികളുടെ മരണം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടവുമായി ബന്ധപ്പെട്ടെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. നസീറയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്നലെ സംഭവിച്ച മരണങ്ങള്‍ക്ക് അപകടവുമായി ബന്ധമില്ലെന്നും നസീറയുടെ ഉള്‍പ്പെടെ നില അതീവ ഗുരുതരമായിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Story Highlights : nazira family allegation kozhikode medical college fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here