തെരഞ്ഞെടുപ്പ് സമിതിയിൽ സമവായമായില്ല; സിബിഐ മേധാവിയായി പ്രവീൺ സൂദ് തുടരും

സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ കാലാവധി നീട്ടി. രണ്ട് വർഷം പൂർത്തിയായതിനെ തുടർന്ന് വിരമിക്കാനിരിക്കെ, പുതിയ മേധാവിയുടെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് നിയമനം നീട്ടിയത്. പ്രധാനമന്ത്രി മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സമിതിയിൽ പുതിയ ഡയറക്ടറുടെ കാര്യത്തിൽ സമവായമായിരുന്നില്ല.
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കർണാടക കേഡറിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് സിബിഐ മേധാവിയായി എത്തിയത്. ഈ മാസം സർവീസിൽ നിന്ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായില്ല. ഇതോടെയാണ് സൂദിന് നിയമനം നീട്ടി നൽകിയത്.
2023 മെയ് മാസത്തിലാണ് മുൻ കർണാടക ഡി.ജി.പിയായ പ്രവീൺ സൂദ് സിബിഐ ഡയറക്ടറായത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തിൽ താഴെ സർവീസ് കാലാവധിയുള്ളവർക്ക് സിബിഐ ഡയറക്ടറാവാനാവില്ല. തെരഞ്ഞെടുപ്പ് സമിതിയിൽ ഭൂരിപക്ഷമില്ലാതെ പുതിയ ആളെ നിയമിക്കാനാവുമില്ല. അതിനിടെ ഇന്ത്യാ-പാക് ബന്ധം വഷളായതോടെ പ്രവീൺ സൂദിൻ്റെ കാലാവധി നീട്ടുകയായിരുന്നു.
മൈസുരുവിൽ എഎസ്‌പിയായി തുടങ്ങിയ കരിയറാണ് ഇദ്ദേഹത്തിൻ്റേത്. ബെല്ലാരി, റായ്ച്ചൂർ എസ്‌പിയായും ബെംഗളുരു ഡിസിപിയായും പ്രവർത്തിച്ചു. മൗറീഷ്യസിൽ മൂന്ന് വർഷം ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐഐഎമ്മിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദം നേടിയിട്ടുണ്ട്.
Story Highlights : CBI chief Praveen Sood gets one-year extension after no consensus on successor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here