കണ്ണൂരില്‍ നിന്നും വീണ്ടുമൊരു കെപിസിസി അധ്യക്ഷന്‍; സണ്ണി ജോസഫ് എന്നും കെ സുധാകരന്റെ പിന്‍ഗാമി

സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനായി സണ്ണി ജോസഫ് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് വീണ്ടുമൊരു കണ്ണൂര്‍ സ്വദേശിയെത്തുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ പെട്ടയാളെ കൊണ്ടുവരാന്‍ നേരത്തെ ഉണ്ടായ ധാരണയിലാണ് സണ്ണി ജോസഫിന് നറുക്കുവീണത്. ആന്റോ ആന്റണിയും സണ്ണി ജോസഫുമാണ് ആദ്യഘട്ടത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ചില നേതാക്കള്‍ ആന്റോ ആന്റണിക്കെതിരെ നിലപാട് കടുപ്പിച്ചതോടെ സണ്ണി ജോസഫിനെ പരിഗണിക്കുകയായിരുന്നു.
എന്നും കെ സുധാകരന്റെ വിശ്വസ്ഥനായിരുന്ന അഡ്വ സണ്ണി ജോസഫ് അധ്യക്ഷനാവുന്നതോടെ കെ സുധാകരന്റെ എതിര്‍പ്പ് ഒഴിവാക്കാന്‍ കഴിയുമെന്നതും തീരുമാനത്തിന് കാരണമായി. കെ സുധാകരനെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കോണ്‍ഗ്രസില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്. അധ്യക്ഷസ്ഥാനത്തുനിന്നും മാറില്ലെന്ന കെ സുധാകരന്റെ പ്രതികരണം ഹൈക്കമാന്റിനേയും വെട്ടിലാക്കിയിരുന്നു. സുധാകരനെക്കൂടി പരിഗണിച്ചുമാത്രമെ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളുവെന്ന് എഐസിസിയും വ്യക്തിമാക്കിയിരുന്നു.
ഇതോടെ, കോണ്‍ഗ്രസിന് വീണ്ടും കണ്ണൂരില്‍ നിന്നും പുതിയ അധ്യക്ഷന്‍ വരികയാണ്. നിലവില്‍ പേരാവൂര്‍ എംഎല്‍എയാണ് അഡ്വ സണ്ണി ജോസഫ്.
2011 മുതല്‍ പേരാവൂരില്‍ നിന്നും തുടര്‍ച്ചയായി എംഎല്‍എയായിരുന്ന സണ്ണി ജോസഫ് മികച്ച ജനപ്രതിനിധിയായാണ് അറിയപ്പെടുന്നത്. അഭിഭാഷകനായിരുന്ന സണ്ണി ജോസഫ് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന നാല്‍പ്പാടി വാസു വധക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഡിസിസി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരന്‍ രാജിവച്ചപ്പോള്‍ പകരക്കാരനായി എത്തിയ ജില്ലാ അധ്യക്ഷനായിരുന്നു അഡ്വ സണ്ണി ജോസഫ്. അദ്ദേഹം വീണ്ടും സുധാകരന്റെ പിന്‍ഗാമിയായി സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തരായിരുന്ന ഇരു ഗ്രൂപ്പുകളേയും ഡിസിസി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കണ്ണൂര്‍ ഡിസിസി പിടിച്ചെടുക്കാന്‍ കെ സുധാകരന്റെ വലംകൈയായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അഡ്വ സണ്ണി ജോസഫ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. മട്ടന്നൂര്‍ ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവേ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. തലശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ജോസഫ് കഴിഞ്ഞ അമ്പത്തിയഞ്ച് വര്‍ഷമായി പൊതുപ്രര്‍ത്തന രംഗത്ത് സജീവസാന്നിധ്യമാണ്. കെഎസ്‌യു നേതാവായിരുന്ന സണ്ണി ജോസഫ് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്.
ഇടുക്കി തൊടുപുഴ സ്വദേശിയായ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനാണ്. 1952ല്‍ ജനിച്ച സണ്ണി ജോസഫ് കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നും എല്‍എല്‍ബി പാസായി.
Story Highlights : Sunny Joseph profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here