പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും പങ്കെടുക്കുന്നുണ്ട്. സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നു. നേരത്തെ, സംയുക്ത സൈനിക മേധാവികളും സേനാമേധാവികളും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗതീരുമാനം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ തന്നെയാണ് ഇന്നും സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോണ്‍ഗാര്‍ ഡ്രോണ്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യോമിക സിങ് പറഞ്ഞു.
ഇന്ത്യന്‍ നഗരങ്ങള്‍, ജനവസ മേഖല, സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ലക്ഷ്യമിട്ടുവെന്ന് വിക്രം മിസ്രി പറഞ്ഞു. പാകിസ്താന്‍ നിരന്തരം നുണപ്രചാരണം നടത്തുന്നുവെന്നും മിസ്രി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം അമൃത്സര്‍ പോലുള്ള നഗരങ്ങള്‍ ആക്രമിച്ചതിന് ശേഷം പാകിസ്താനെ കുറ്റപ്പെടുത്തിയെന്നുള്‍പ്പടെ ആരോപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണ്. ശേഷം, ആക്രമിച്ചത് ഇന്ത്യയെന്നത് നുണപ്രചരണം നടത്തി. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമം – വിക്രം മിസ്രി വ്യക്തമാക്കി.
Story Highlights : PM Modi Meets All 3 Service Chiefs Amid Heightened Tensions With Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here