കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്; പ്രതി വരന്റെ ബന്ധുവായ യുവതി

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസില്‍ പ്രതി വരന്റെ ബന്ധുവായ യുവതി. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയാണ് കസ്റ്റഡിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമം കൊണ്ട് കവര്‍ന്നതെന്നാണ് മൊഴി. കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയാണ് മോഷണം നടന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്ത് കൊണ്ടുവെച്ചു.
മെയ് ഒന്നിനായിരുന്നു കരിവള്ളൂര്‍ പലിയേരി സ്വദേശി അര്‍ജുനും കൊല്ലം സ്വദേശി ആര്‍ച്ച എസ്. സുധിയും തമ്മിലുള്ള വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ കിടപ്പ് മുറിയിലെ അലമാരയിലേക്ക് മാറ്റി. രാത്രി സ്വര്‍ണം ബന്ധുക്കളെ കാണിക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നായിരുന്നു പരാതി. നാല് ബോക്‌സുകളിലായി സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. ചെറിയ മോതിരങ്ങള്‍ ഉള്‍പ്പടെ 10 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും അലമാരയില്‍ ബാക്കിയുണ്ടായിരുന്നു.
പയ്യന്നൂര്‍ പൊലീസാണ് അന്വേഷണം നടത്തിയത്. പ്രൊഫഷണല്‍ സംഘമല്ല മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്.
Story Highlights : Theft of gold from a wedding house in Karivellur; The accused is a woman, a relative of the groom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here