Advertisement

‘സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിന് വഴിയൊരുക്കിയത് സ്വാഗതാർഹം, മാറ്റിവെച്ച വാർഷികാഘോഷങ്ങൾ 13 മുതൽ തുടരും’; മുഖ്യമന്ത്രി

1 day ago
2 minutes Read

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.’ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം’. മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെന്റിന്റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും.

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം അറിയിച്ചു. വെടിനിർത്തലിനും സൈനികനടപടികൾ മരവിപ്പിക്കാനും ധാരണയായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശകാര്യ വക്താവ് വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം. ഇന്ത്യയും പാകിസ്താനും ഉടൻ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചു. രാജ്യം എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Story Highlights : Pinarayi Vijayan India, Pak Agree To Stop All Military Action On Land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top