Advertisement

ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞു; പക്ഷേ,സ്പോർട്സ് ബന്ധത്തിൽ വിള്ളൽ തുടരും

23 hours ago
3 minutes Read

ഇന്ത്യ- പാക് സംഘർഷം യുദ്ധത്തിലേക്ക് നീങ്ങാതെ അവസാനിച്ചതിൻ്റെ ആശ്വാസത്തിലാണ് ഏവരും. ഒപ്പം ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയും ഉയരുകയാണ്. പക്ഷേ, രാജ്യാന്തര കായിക വേദികളിൽ ഇന്ത്യ – പാകിസ്താൻ ബന്ധം നേരെയാകാൻ സമയമെടുക്കും. മൂന്നാമതൊരു രാജ്യത്തിൻ്റെ മണ്ണിൽ ആണെങ്കിൽ പോലും ഇരു രാജ്യങ്ങളും മുഖാമുഖം വരാൻ കുറച്ചുകാലത്തേക്കെങ്കിലും വിസമ്മിതിച്ചേക്കും.

ഏറ്റവും ശ്രദ്ധിക്കപ്പെടുക ഓഗസ്റ്റ്- സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആയിരിക്കും. പാകിസ്താനെ കളിപ്പിക്കണമെന്ന് ഐ.സി.സി. നിര്‍ബന്ധം പിടിച്ചാല്‍ പാകിസ്താന്റെ മത്സരങ്ങള്‍ക്കായി മറ്റൊരു വേദി കണ്ടെത്തേണ്ടിവരും. അതിലുപരി ഇന്ത്യന്‍ ടീം പാകിസ്താനെ നേരിടാന്‍ തയ്യാറാകുമോ എന്നതാണ്. ഇക്കാര്യത്തില്‍ ബി.സി.സി.ഐ. അല്ല, കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും തീരുമാനമെടുക്കുക. അത് രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയായിരിക്കും.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിൽ ആക്കിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇന്ത്യയെ എതിരിടാന്‍ പാകിസ്താനും ദുബായ്യില്‍ എത്തി. മത്സരം ഇന്ത്യ ആറു വിക്കറ്റിനു ജയിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിനു തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരുമായി. രണ്ടു മാസം കഴിഞ്ഞതെയുള്ളൂ. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആയുധമെടുത്തുള്ളതായി.

കാശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളെ പാകിസ്താന്‍ പിന്തുണയോടെ ഭീകരന്‍ നിഷ്‌കരുണം വധിച്ചതോടെ രംഗം വഷളായി. ഇന്ത്യക്കു തിരിച്ചടിക്കേണ്ടിവന്നു. അഥവാ ഇന്ത്യ അതിനു നിര്‍ബന്ധിതരായി. ഇതോടെ കായിക രംഗത്തും ആശങ്ക പടർന്നു. മേയ് 24നു ബംഗ്ലൂരുവില്‍ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തിൽ പാക്കിസ്ഥാൻ താരം അർഷദ് നദീമിൻ്റെ സാന്നിധ്യം ഒഴിവാക്കേണ്ടിവന്നു. ഈ മീറ്റിന് നീരജ് ചോപ്ര തന്നെയാണ് പാകിസ്താന്റെ ഒളിംപിക് ചാമ്പ്യന്‍ അര്‍ഷദ് നദീമിനെ ക്ഷണിച്ചത്. മത്സര വേദികളിൽ അവർ തമ്മിൽ നല്ല സൗഹൃദമായിരുന്നു. പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്ന് അര്‍ഷദ് തന്നെ പിന്‍വാങ്ങി. എന്നിട്ടും നീരജിനെതിരെ പലയിടങ്ങളില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായി. പഹല്‍ഗാം ഭീകരാക്രമണത്തിനു മുമ്പാണ് നീരജ്, അര്‍ഷദ് നദീമിനെ ക്ഷണിച്ചത് എന്നു മനസ്സിലാക്കാതെയായിരുന്നു വിമര്‍ശനം. ഒടുവില്‍ തന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യരുതെന്ന് നീരജിന് പരസ്യമായി പ്രതികരിക്കേണ്ടിവന്നു.

മേയ് എട്ടിന് ധരംശാലയില്‍ തുടങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്‌സ് ഐ.പി.എല്‍ മത്സരം 10.1 ഓവര്‍ ആയപ്പോള്‍ ഉപേക്ഷിക്കേണ്ടവന്നു. കളിക്കാരെ സുരക്ഷാ സ്ഥാനങ്ങളിലേക്കു മാറ്റി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമാണ് സുരക്ഷാ കാരണങ്ങളാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. മേയ് 11ന് ധരംശാലയില്‍ നിശ്ചയിക്കപ്പെട്ട മുംബൈ ഇന്ത്യൻസ് – പഞ്ചാബ് കിംഗ്‌സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയെങ്കിലും താമസിയാതെ ഐ.പി.എല്‍, മത്സരങ്ങള്‍ തന്നെ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിദേശ കളിക്കാരിൽ ചിലരൊക്കെ മടങ്ങി.

പാകിസ്താനിലെ സൂപ്പര്‍ ലീഗ് ക്രിക്കറ്റും അനിശ്ചിതത്വത്തിലായി. റാവല്‍പിണ്ടിയിലെ പെഷാവര്‍ സാല്‍മി- കറാച്ചി കിംഗ്‌സ് മത്സരം തുടങ്ങാനായില്ല. വിദേശ കളിക്കാരോട് പാക്കിസ്ഥാന്‍ വിടാന്‍ അതിർത്തി രാജ്യങ്ങൾ നിര്‍ദേശിച്ചു.

2008 ല്‍ ഐ.പി.എല്‍. തുടങ്ങിയപ്പോള്‍ വിവിധ ടീമുകളില്‍ 12 പാകിസ്താന്‍ കളിക്കാര്‍ ഉണ്ടായിരുന്നു. അതേ വര്‍ഷം നടന്ന മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ കളിക്കാര്‍ക്ക് ബി.സി.സി.ഐ. ഐ.പി.എല്‍. കളിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ആ വിലക്ക് ഇപ്പോഴും തുടരുന്നു.
എന്നാല്‍ ഐ.സി.സി.യും എ.സി.സി.യും സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം മുടങ്ങിയില്ല. പാകിസ്താന്‍ ക്രിക്കറ്റ് ടീം ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ കളിച്ചത് 2012 ഡിസംബറില്‍ ആണ്. മുന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി 20യിലും ഇന്ത്യയും പാക്കിസ്ഥാനും മത്സരിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാകിസ്താന്‍ ടീമിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയായിരുന്നു ഇത്.
പാകിസ്താന്‍ ഹോക്കി ടീം അവസാനമായി ഇന്ത്യയില്‍ മത്സരിച്ചത് 2023 ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ആറു ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ പാകിസ്താന്‍ അഞ്ചാമതായിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ-പാകിസ്താന്‍ ഹോക്കി ടീമുകള്‍ മത്സരിച്ചത് 2024 സെപ്റ്റംബര്‍ 14ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആണ്. ഇന്ത്യ വിജയിച്ചു(2-1).

ഇനി ഓഗസ്റ്റ്- സെപ്റ്റംബറില്‍ രാജ്ഗിരിയില്‍ പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കിയുണ്ട്. ഇത് 2026 ലെ ഹോക്കി ലോക കപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണ്. ഡിസംബറില്‍ ചെന്നൈയിലും മധുരയിലുമായി ജൂനിയര്‍ ലോകകപ്പ് ഉണ്ട്. രണ്ടിനും പാക് താരങ്ങള്‍ക്ക് വീസ നിഷേധിച്ചേക്കും. മുമ്പ് 2016ല്‍ ജൂനിയര്‍ ലോകകപ്പില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ വീസ നിഷേധിച്ചിരുന്നു. ഇന്ത്യയുടെ ഒരു സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇത്. ഡിസംബറില്‍ ചെന്നൈയില്‍ ലോകകപ്പ് സ്‌ക്വാഷ് നടക്കുമ്പോഴും പാകിസ്താന് അവസരം നഷ്ടപ്പെടാനാണു സാധ്യത. കഴിഞ്ഞ പതിപ്പിൽ പാകിസ്താൻ പങ്കെടുത്തിരുന്നില്ല.

പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ മറ്റു രാജ്യങ്ങൾ വിസമ്മതിക്കാനും സാധ്യതയുണ്ട്.ക്രിക്കറ്റിലും ഹോക്കിയിലും പാകിസ്താനു പഴയ കരുത്തില്ല. സ്ക്വാഷിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക തകർച്ച പാകിസ്താൻ കായിക രംഗത്തെയും ബാധിച്ചിട്ടുണ്ട്. അർഷദ് നദീമിന് പുതിയ ജാവലിൻ വാങ്ങാൻ പണമില്ലാതെ വിഷമിച്ച സംഭവത്തിന് അധികം പഴക്കമില്ല. പാകിസ്താനിൽ രാജ്യാന്തര മത്സരങ്ങൾ നടക്കാതെ വന്നാൽ തകർച്ച പൂർണമാകും.

Story Highlights : India-Pakistan tensions ease, but rift in sports ties will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top