പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണം. വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. 1994 ലെ പാക് അധീന കാശ്മീർ തിരിച്ച് പിടിക്കുമെന്ന പ്രമേയം വീണ്ടും ആവർത്തിക്കണം. ആവശ്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു എന്നും കത്തിൽ പറയുന്നു.
രണ്ട് ദിവസം മുൻപ് അമേരിക്ക പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ്. അമേരിക്ക- ഇന്ത്യ ചർച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് ചർച്ച ചെയ്യണം. സർക്കാർ എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്നും കത്തിൽ പറയുന്നു.
പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപ്പെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. രാജ്യത്തിൻറെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് തയ്യാറായതെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.എന്നാൽ വെടി നിർത്തലിന് ഇടപെട്ടെന്ന ട്രംപിൻറെ വാദം ഇന്ത്യ എവിടെയും പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരംഭിച്ചിട്ടുണ്ട്.
Story Highlights : Rahul Gandhi demands Parliament session to discuss Op Sindoor, US mediation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here