‘നിങ്ങള്‍ പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളും ഞാന്‍ ഓര്‍ക്കും’; കുറിപ്പുമായി അനുഷ്‌ക ശര്‍മ

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവച്ച് നടിയും കോലിയുടെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മ. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പ്രതികരണം.
അവര്‍ നിങ്ങളുടെ റെക്കോര്‍ഡുകളെ കുറിച്ചും നാഴികക്കല്ലുകളെ കുറിച്ചും സംസാരിക്കും. എന്നാല്‍ ഞാന്‍ നിങ്ങള്‍ ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിന് നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സ്‌നേഹത്തെയും കുറിച്ച് ഓര്‍ക്കും. ഓരോ ടെസ്റ്റ് സീരീസിന് ശേഷവും കൂടുതല്‍ അറിവോടെയും വിനയത്തോടെയും തിരിച്ചെത്തി. ഇതെല്ലാം കാണുന്നത് പ്രിവിലേജാണ്. വെള്ള വസ്ത്രത്തിലായിരിക്കും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നിങ്ങള്‍ വിരമിക്കുക എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ പിന്തുടര്‍ന്നു. ഈ വിടവാങ്ങലിലെ ഓരോ ബഹുമതിയും നിങ്ങള്‍ അര്‍ഹിക്കുന്നതാണ് – അനുഷ്‌ക കുറിച്ചു. കുറിപ്പിന് ഹാര്‍ട്ട് ഇമോജി നല്‍കി കോലി പ്രതികരിച്ചിട്ടുമുണ്ട്.
ഇന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു.ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോഹ്ലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.
Story Highlights : Anushka Sharma about Virat Kohli’s retirement from test cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here