Advertisement

നട്ടെല്ലുള്ള നാവ്; ഡോ.സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി വര്‍ഷത്തിന് ഇന്ന് തുടക്കം

4 days ago
2 minutes Read
Sukumar Azhikode birth anniversary

ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി വര്‍ഷത്തിന് ഇന്ന് തുടക്കം. അധ്യാപകനും പ്രഭാഷകനും വിമര്‍ശകനും എഴുത്തുകാരനുമായ സുകുമാര്‍ അഴീക്കോട് അനീതിക്കെതിരെ ശബ്ദിക്കാന്‍ തലമുറകളെ പ്രചോദിപ്പിച്ചു. നിലപാടുകളിലെ വ്യക്തതയിലൂടെയും ധാര്‍ഷ്ഠ്യത്തിലൂടെയും മലയാളി ധാര്‍മ്മികതയുടെ മുഖമായി മാറി. (Sukumar Azhikode birth anniversary)

നട്ടെല്ലുള്ള ഒരു നാവായിരുന്നു ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. വാക്കുകളുടെ വിസ്മയം. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തന്റേടത്തോടെ പറയുകയും എഴുതുകയും ചെയ്തു അഴീക്കോട്. സമഗ്ര വിമര്‍ശകനായിരുന്ന അഴീക്കോട് അധികാരകേന്ദ്രങ്ങളുടെ അഹന്തയോടും അടിച്ചമര്‍ത്തലുകളോടും നിരന്തരം കലഹിച്ചു. വാഗ്ഭടാനന്ദ ഗുരുവിന്റെ സന്ദേശങ്ങളാണ് അഴീക്കോടിന് അനീതിയെ എതിര്‍ക്കാനുള്ള പ്രചോദനമായി മാറിയത്. വിമര്‍ശനത്തിന്റെ കൂരമ്പില്‍ കോര്‍ത്തവയായിരുന്നു അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മനസ്സു മുറിഞ്ഞവര്‍ക്കൊപ്പമായിരുന്നു അഴീക്കോടിന്റെ ശബ്ദം.

Read Also: ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’: സൈന്യം

കണ്ണൂര്‍ അഴീക്കോട് അധ്യാപകനായിരുന്ന പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറ് മക്കളില്‍ നാലാമനായി 1926 മേയ് 12-നാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ജനിച്ചത്. മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. വിവിധ കോളെജുകളില്‍ അധ്യാപകനായശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മലയാള വിഭാഗം തലവനായും പ്രോ വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനും കേന്ദ്ര- കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമായി. 1961-ല്‍ തലശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ആശാന്റെ സീതാകാവ്യം, മലയാള സാഹിത്യവിമര്‍ശനം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തത്ത്വമസി, ഭാരതീയത, അഴീക്കോടിന്റെ ലേഖനങ്ങള്‍, ഗുരുവിന്റെ ദുഖം തുടങ്ങി നിരവധി കൃതികള്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റേതായിട്ടുണ്ട്. 2012 ജനുവരി 24ന് തന്റെ 85-ാം വയസ്സിലാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് വിടവാങ്ങിയത്. ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന് ജന്മശതാബ്ദി വര്‍ഷത്തില്‍ ട്വന്റിഫോറിന്റെ ആദരം.

Story Highlights : Sukumar Azhikode birth anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top