കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം

തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു.
അതേസമയം ശസ്ത്രക്രിയയിൽ പിഴവില്ലെന്ന മെഡിക്കൽ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് ചികിത്സ പിഴവെന്ന ആരോപണം നിലനിൽക്കുന്ന കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇന്നലെയാണ് കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയത്.
ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. കുടവയർ ഇല്ലാതാക്കാമെന്ന സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിയെ അലട്ടിയത്.
ഫെബ്രുവരി 22നാണ് ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയടത്ത് അണുബാധയുണ്ടായി. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ദിവസമാണ് ഇവർ വെന്റിലേറ്ററിൽ കഴിഞ്ഞത്. അനുദിനം അണുബാധ വഷളായി. കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. വിരലുകൾ മുറിച്ചു മാറ്റുകയല്ലാതെ മാർഗമില്ലെന്ന അവസ്ഥ വന്നു. കൈകാലുകളിലെ ഒമ്പത് വിരലുകൾ യുവതിക്ക് നഷ്ടമായി.
Story Highlights : Family to legal battle in Fat removal surgery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here