‘ഒന്നും തകര്‍ക്കാനായില്ല’; പാകിസ്താന്‍ തകര്‍ത്തു എന്ന് അവകാശപ്പെടുന്ന S- 400ന് മുന്നില്‍ പ്രധാനമന്ത്രി

വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്താന്‍ അവകാശപ്പെട്ട ആദംപൂര്‍ വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ S – 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങള്‍ എസ്-400 പോലുള്ള നൂതന പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമതാവളങ്ങളായാലും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രളായാലും സ്പര്‍ശിക്കാന്‍ കഴിഞ്ഞല്ല. ഇതെല്ലാം നിങ്ങളുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെയും ജാഗ്രതയുടെയും ഫലമാണ് – പ്രധാനമന്ത്രി മോദി സൈനികരോട് പറഞ്ഞു.
നമ്മുടെ മുന്‍നിരപ്രതിരോധ സംവിധാനത്തോട് മുട്ടി നില്‍ക്കാന്‍ പാകിസ്താന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങള്‍ ടെക്‌നോളജിയും ടാക്റ്റിക്‌സും ഒരുമിച്ച് കൊണ്ട് പോയി. ഇനി പാകിസ്താന്‍ ഭീകരപ്രവര്‍ത്തനമോ സൈനികാക്രമണമോ നടത്തിയാല്‍ മുഖമടച്ച് മറുപടി നല്‍കും. ഇത് പറയാനുള്ള പിന്‍ബലം നിങ്ങളുടെ ധീരതയാണ്. നമ്മള്‍ തയ്യാറായിരിക്കണം, ശത്രുവിനെ ഓര്‍മിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ് – പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഓരോ നിമിഷവും ഇന്ത്യന്‍ സായുധ സേനയുടെ ശക്തിക്കും കഴിവും തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷനില്‍ നമ്മുടെ സേനകള്‍ക്കിടയിലെ ഏകോപനം മാതൃകാപരമായിരുന്നു. കരസേനയായാലും, നാവികസേനയായാലും, വ്യോമസേനയായാലും, സമന്വയം മികച്ചതായിരുന്നു. ഞാന്‍ ഇന്നലെ പറഞ്ഞതുപോലെ, ഇന്ത്യ മൂന്ന് കാര്യങ്ങളില്‍ തീരുമാനമെടുത്തു. ഒന്നാമതായി, ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നാം നമ്മുടെ രീതിയില്‍, നമ്മുടെ സമയത്ത് മറുപടി നല്‍കും. രണ്ടാമതായി, ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിയും വെച്ചുപൊറുപ്പിക്കില്ല, മൂന്നാമതായി, ഭീകരരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല. – പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights : PM Modi said India’s air defence structures remain untouched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here