ആ പ്രതീക്ഷ അസ്തമിക്കുന്നു; മെസി കേരളത്തിൽ എത്തുന്നതിൽ ആശയകുഴപ്പം

2025 ൽ ഒളിംപിക്സോ കോമൺവെൽത്ത് ഗെയിംസോ ഏഷ്യൻ ഗെയിംസോ ഇല്ല. ലോക കപ്പ് ഫുട്ബോൾ വർഷവുമല്ല. പക്ഷേ, കേരളത്തിലെ ഫുട്ബോൾ പ്രേമികൾ അതിലപ്പുറമൊരു സ്വപ്നത്തിലായിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ ടീം കേരളത്തിൽ പ്രദർശന മത്സരത്തിന് എത്തും. ടീമിൽ ലയണൽ മെസി എന്ന ഇതിഹാസ താരമുണ്ടാകും. ഉറപ്പു പറഞ്ഞത് കേരളത്തിലെ സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ. മന്ത്രി ഇടയ്ക്ക് ഇതുമായി ബന്ധപ്പെട്ട് വിദേശത്തുപോയിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ അധികൃതർ താമസിയാതെ കേരളത്തിൽ എത്തുമെന്നും പറഞ്ഞു.
പക്ഷെ ഇന്ന് രാവിലെ മന്ത്രി പറഞ്ഞത് സ്പോൺസർമാർ പിന്മാറിയതിനാൽ മെസി കേരളത്തിലെത്തില്ല എന്നായിരുന്നു. എന്നാൽ അല്പസമയം മുൻപ് സ്പോൺസർ പണമടച്ചാൽ ഒക്ടോബറിൽ അർജന്റീന കേരളത്തിൽ കളിക്കുമെന്നും അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് മുടങ്ങില്ലെന്നും കായികമന്ത്രി അറിയിച്ചതോടെ കാൽപന്ത് ആരാധകർ വീണ്ടും ആശയക്കുഴപ്പത്തിലായി. കൃത്യമായൊരു അറിയിപ്പിനായി കാത്തിരിക്കാം.
അർജൻ്റീന ഫുട്ബോൾ ടീമുമായി ഏറെ അടുത്ത ബന്ധമുള്ള ഫുട്ബോൾ ലേഖകൻ ഗാസ്റ്റൻ എഡ്യൂൾ പറയുന്നത് ഒക്ടോബർ – നവംബറിൽ അർജൻറീന ഫുട്ബോൾ ടീം ചൈനയിലും അംഗോളയിലും ഖത്തറിലും പ്രദർശന മത്സരത്തിൽ പങ്കെടുക്കുമെന്നാണ്. അർജൻ്റീനയെ സംബന്ധിച്ചിടത്തോളം പ്രദർശന മത്സരങ്ങൾക്ക് മാറ്റിവയ്ക്കപ്പെട്ട സമയം ഒക്ടോബർ – നവംബർ ആണ്.
ജൂണിൽ അവർക്ക് ചിലിക്കും കൊളംബിയയ്ക്കും എതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഉണ്ട്. ഈ മത്സരങ്ങളിൽ മെസിയാണ് ടീമിനെ നയിക്കുക എന്ന അറിയിപ്പ് വന്നു കഴിഞ്ഞു.
Read Also: ‘അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്‍
കോൺകാ കാഫിൽ ഇൻ്റർ മയാമി നായകനായിരുന്ന മെസി പരുക്കിൽ നിന്ന് മോചിതനായതിൻ്റെ ആവേശത്തിലാണ് അർജൻ്റീനയിലെ ഫുട്ബോൾ പ്രേമികൾ. പക്ഷേ, കേരളത്തിൽ ആവേശം കെട്ടടങ്ങുകയാണ്.
സംസ്ഥാന കായികരംഗം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോടികൾ മുടക്കി മെസിയെയും സംഘത്തെയും എന്തിന് കേരളത്തിൽ എത്തിക്കുന്നു എന്ന ചോദ്യം ഇതര കായിക ഇനങ്ങളുമായി ബന്ധപ്പെട്ടവർ തുടക്കം മുതൽക്കേ ഉയർത്തിയിരുന്നു.എന്നാൽ പ്രായോജകരാണ് ചെലവ് വഹിക്കുന്നതെന്നായിരുന്നു അവകാശവാദം. ആദ്യം കേട്ടത് കേരളത്തിലെ വ്യാപാരി- വ്യവസായികളും സ്വർണം – വെള്ളി വ്യാപാരികളും പണം മുടക്കുമെന്നായിരുന്നു. പിന്നീട് സ്പോൺസർ മാറിയതായി കേട്ടു . സ്പോൺസർഷിപ് തുകയുടെ പകുതി, കരാർ എഴുതി 45 ദിവസത്തിനകം നൽകേണ്ടതായിരുന്നത്രെ. ഇതു കൊടുത്തോയെന്ന് ആരും പറയുന്നില്ല. കരാർ വ്യവസ്ഥകൾ വ്യക്തമല്ല. 60 കോടിയാണല്ലോ അർജൻ്റീനയ്ക്കു നൽകേണ്ടത്. എതിർ ടീമിനും മോശമല്ലാത്ത തുക നൽകേണ്ടി വരും.
അർജൻ്റീന ടീമിൻ്റെ വരവിന് 100 കോടി ചെലവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് 200 കോടിയിൽ അധികമാകുമെന്ന് അപ്പോൾ തന്നെ ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. അതെന്തുമാകട്ടെ, മെസിയുടെയും കൂട്ടരുടെയും വരവുകൊണ്ട് കേരളത്തിന് എന്തു പ്രയോജനം എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു.
ലോക ഫുട്ബോളിൽ അർജൻറീന, ബ്രസീൽ ടീമുകൾക്ക് ആരാധകർ ഏറെയുള്ള നാടാണ് കേരളം.അവർ ആവേശത്തിലാകും. പക്ഷേ, അതിനപ്പുറം എന്തു നേട്ടം ? ഒരു ലക്ഷം പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം ആയാലും പകുതിയേ ഫിഫ അനുവദിക്കൂ.2017ൽ ഫിഫ അണ്ടർ 17 ലോക കപ്പ് കൊച്ചിയിൽ നടന്നപ്പോൾ 41,000 പേർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളിൽ ഭൂരിപക്ഷവും കളി ടിവിയിൽ കാണേണ്ടി വരും എന്നു ചുരുക്കം. എതിരാളികൾ ആരെന്നും നിശ്ചയമില്ല.ഫിഫ റാങ്കിങ്ങിൽ 50 ൽ താഴെയുള്ള ടീമായിരിക്കണം എതിരാളികൾ എന്നാണ് ആദ്യം കേട്ടത്.അർജൻറീന പുതിയ നിബന്ധന വല്ലതും വച്ചോയെന്ന് അറിയില്ല. അർജൻറീന ടീമിൻ്റെ വരവും സ്വീകരണവുമൊക്കെ നാട്ടിലൊരു ഉത്സവ പ്രതീതി സൃഷ്ടിക്കും എന്നത് മാത്രമായിരിക്കും നേട്ടം. മെസിയും അർജൻറീനയും 2011ൽ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചപ്പോൾ വെനസ്വേലയായിരുന്നു എതിരാളികൾ.അർജൻറീന എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചു.ഇക്കുറി ഏഷ്യൻ ഫുട്ബോൾ ശക്തികളിൽ ഒന്നിനെ അർജൻറീനയ്ക്കെതിരെ പ്രദർശന മത്സരത്തിന് ഇറക്കാനായിരുന്നു ആലോചന. അക്കാര്യത്തിൽപോലും തീരുമാനമായിട്ടില്ലായിരുന്നു.
അതെല്ലാം പോകട്ടെ. 2024 ലെ ജില്ലാ സ്കൂൾ കായിക മേള നടത്തിപ്പിൻ്റെ ചെലവിൽ 50 ലക്ഷത്തോളം രൂപ കഴിഞ്ഞ മാസവും കൊടുത്തു തീർക്കാനുണ്ടായിരുന്നു. സംസ്ഥാനത്തെ 82 സ്പോർട്സ് ഹോസ്റ്റലുകൾക്ക് ഫണ്ട് നൽകാനാകാതെ വിഷമിക്കുന്നു. ഒരു മാസം ഏതാണ്ട് മൂന്നു കോടിയാണ് ഇതിനു വേണ്ടത്. കേരളത്തിലെ സ്കൂളുകളിലെ കായിക അധ്യാപകരുടെ എണ്ണം പത്തു വർഷം മുമ്പ് 10,000 ത്തോളം ആയിരുന്നെങ്കിൽ ഇന്നത് 2000 ത്തിൽ താഴെയായി. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനങ്ങൾക്കു തടസം. അർജൻ്റീന വരാൻ സാധ്യതയില്ല എന്ന വാർത്ത ഫുട്ബോൾ പ്രേമികളെ നിരാശപ്പെടുത്തുമ്പോൾ ഇതര കായിക ഇനങ്ങളിലെ താരങ്ങളും പരിശീലകരും സംഘാടകരും ആശ്വസിക്കുന്നുണ്ടാകും. ഇനിയെങ്കിലും മെസി… മെസി…. എന്ന പറച്ചിൽ നിർത്തി അടിസ്ഥാന കായിക വികസനത്തിൽ ശ്രദ്ധിച്ചാൽ നല്ലത്.
Story Highlights : Football fans upset as messi may not come to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here