Advertisement

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്; തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡ്എഫ്; ഭരണം പിടിക്കാന്‍ യുഡിഎഫ്

12 hours ago
2 minutes Read
cm

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാനുളള സമ്മര്‍ദ്ദവും പേറിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നിര്‍ണായകമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളി. വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങളുടെ അകമ്പടിയില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാനിറങ്ങുന്ന സര്‍ക്കാരിന് മുറിച്ച് കടക്കേണ്ടത് നിരവധി വിഷയങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ഭരണവിരുദ്ധ വികാരത്തെയാണ്.

ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. പിണറായി വിജയന്റെ ഒറ്റയാള്‍ മികവില്‍ ആ നേട്ടം കൈയ്യെത്തി പിടിക്കാനാണ് ശ്രമം.

മൂന്നാം ഊഴവും പിണറായി എന്ന കാമ്പയിന്‍ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. ഭരണത്തില്‍ ഹാട്രിക് നേടാന്‍ തയാറെടുക്കുന്ന സര്‍ക്കാരിന് മുന്നില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ ഏറെയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത് പോലെ ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുക, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നതാണ് ഒന്നാമാത്തെ പ്രശ്‌നം.

Read Also: നാല് വയസുകാരിയുടെ കൊലപാതകം: കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കും

സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും മറ്റൊരു വെല്ലുവിളി ആണ്. കേന്ദ്ര ഏജന്‍സികളിലൂടെ പുറത്തുവന്ന
ആക്ഷേപങ്ങള്‍ പരമ്പരാഗത ഇടത് അനുകൂലികളില്‍ പോലും സംശയങ്ങള്‍ക്കിട നല്‍കിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തെ
സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളെ മറികടന്നുവന്നത് പോലെ ഇതും അതീജീവിക്കാന്‍ കഴിയുമെന്നതാണ് ഭരണനേതൃത്വത്തിന്റെ ആത്മവിശ്വാസം.

ഭരണം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയും മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ അധികാരി വര്‍ഗമായി മാറിയതും ഇടത് വിശ്വാസികള്‍ക്കിടയില്‍
ചര്‍ച്ചയാണ്. താത്വിക രാഷ്ട്രീയ ഘടന അട്ടിമറിക്കുന്നതില്‍ പ്രയാസപ്പെടുന്ന പാര്‍ട്ടി നേതാക്കളും കുറവല്ല.

ഇടത് -വലത് മുന്നണികള്‍ മാത്രം ഉണ്ടായിരുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ BJP കൂടി നിര്‍ണായക ശക്തിയായി കടന്നു വന്നതും മൂന്നാം ഭരണത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ബിജെപിയുടെ കടന്നുവരവ് യു.ഡി.എഫിനും ഭീഷണിയാണ് എന്നത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസകരമായ കാര്യം.

തലമുറ മാറ്റം സംഭവിച്ച കേരളത്തിലെ പ്രതിപക്ഷത്തിനും ഇത് നാലാം വാര്‍ഷികമാണ്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫ് നിരവധി ആരോപണങ്ങളാണ് ഇക്കാലയളവിനില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ പ്രതിപക്ഷ കാലയളവുപോലെ ശ്രദ്ധേയമായ സമരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നത് പോരായ്മയാണ്.

Story Highlights : The second Pinarayi government enters its fifth year today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top