Advertisement

‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍

4 hours ago
2 minutes Read
vds

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്ത് ചെയ്തില്ല എന്ന് ഇത് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

326 പേജുള്ള സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളും അക്കമിട്ടു വിവരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി, മലയോര-തീരദേശ റോഡ് വികസനം, കെ ഫോണ്‍ അടക്കം നേട്ടങ്ങളായി സര്‍ക്കാര്‍ അവതരിപ്പിച്ചു. ദേശീയ പാതയെ പ്രധാന നേട്ടമായും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വ്യാജ അവകാശവാദങ്ങളാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

ദേശീയപാതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില വര്‍ധിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മിതികളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയില്‍ നൂറിലധികം വിള്ളലാണുള്ളത്. പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നു വീണോ – അദ്ദേഹം ചോദിച്ചു.

Read Also: ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

കെ ഫോണ്‍ പദ്ധതിയും വിജയിച്ചില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കുമെന്നാണ് പറഞ്ഞത്. 6000ത്തിലേറെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ കണക്ഷന്‍ കൊടുക്കാന്‍ സാധിച്ചത്. ബിഎസ്എന്‍എല്ലില്‍ നിന്നും സേവനം എടുത്താണ് കെഫോണ്‍ നല്‍കുന്നത്. ഇടുക്കി പാക്കേജും വയനാട് പാക്കേജും നടപ്പാക്കാനായില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം കെ റെയിലിനെ മാത്രമാണ് എതിര്‍ത്തതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ദേശീയപാത ശാസ്ത്രീയമായി പണിയണമെന്നും പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. അന്ന് കോലാഹലം ഉണ്ടാക്കിയത് ഇപ്പോള്‍ എവിടെയാണ് – അദ്ദേഹം ചോദിച്ചു.

പ്രോഗ്രസ് റിപ്പോര്‍ട്ട് പൊള്ളയാണെന്നും തുടര്‍ഭരണത്തിന് വേണ്ടി കച്ച കെട്ടിയിറങ്ങി തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വിമര്‍ശിച്ചു.

Story Highlights : V D Satheesan criticizes the progress report of Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top