‘അൻവർ ചെയ്തത് യൂദാസിന്റെ പണി; LDF വൻ വിജയം നേടും; പ്രമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കും’; എംവി ഗോവിന്ദൻ

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽ ഡി എഫ് താഴെ തട്ടിൽ മുതൽ സജ്ജമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ യു ഡി എഫിന് വേണ്ടി എൽ ഡി എഫിനെ ഒറ്റുകൊടുത്തു. അൻവറിന്റെ യാത്ര യു ഡി എഫിന് വേണ്ടിയാണെന്ന് അദേഹം വിമർശിച്ചു.
അൻവർ യു ഡി എഫിന് വേണ്ടി നെറികെട്ട പണി എടുത്തുവെന്നും യൂദാസിന്റെ പണിയാണ് അൻവർ ചെയ്തതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. എന്നാൽ എൽ ഡി എഫ് ഇതിനെയൊക്കെ അതിജീവിക്കും. വൻ വിജയം നേടും. സർക്കാരിന്റെ മൂന്നം ടേമിലേക്കുള്ള യാത്രക്ക് ബലം നൽകുന്ന വിജയം നേടും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ‘നേട്ടമുണ്ടാക്കുക UDF; ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കും’; ഷാഫി പറമ്പിൽ
പ്രമുഖ സ്ഥാനാർഥിയെ തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർഥി ഇല്ലാത്ത പ്രശ്നം ഒന്നും എൽ ഡി എഫിനില്ല. ഏഴ് ദിവസം കൊണ്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിന് മുന്നിൽ ഒരുപാട് കീറാ മുട്ടികൾ ഉണ്ട്. നിലമ്പൂരിൽ എല്ലാ വർഗീയ കക്ഷികളെയും യു ഡി എഫ് കൂട്ടുപിടിക്കും. ഹിന്ദു, മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Story Highlights : MV Govindan says LDF will win in Nilambur by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here