ഓപ്പറേഷന്‍ സിന്ദൂര്‍: സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തറില്‍

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനുള്ള സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് രാവിലെയാണ് ബഹുകക്ഷി പ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഭീകരതയ്ക്കെതിരായ ദേശീയ സമവായം എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ മന്ത്രിയെ അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി X-ല്‍ പോസ്റ്റ് ചെയ്തു.
നേരത്തെ ശൂറാ കൗണ്‍സില്‍ അംഗങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.ഖത്തര്‍ പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും ഭീകരതയെ അതിന്റെ ഉറവിടത്തില്‍ നിന്ന് വേരോടെ പിഴുതെറിയണമെന്ന പൊതു കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവന്നതായും ശൂറ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സുപ്രിയ സുലെ പറഞ്ഞു.
ഭീകരത തടയുന്നതിലും അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയം പാലിക്കുന്നതിലും ഖത്തര്‍ പാര്‍ലമെന്റംഗങ്ങള്‍ ഇന്ത്യയുടേതിന് സമാനമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചതായി അവര്‍ പറഞ്ഞു.
പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെയും സ്വന്തം മണ്ണില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതോ സംരക്ഷിക്കുന്നതോ ആയ രാജ്യങ്ങളെയും അവരുടെ നേതാക്കളെയും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ ഉറച്ച സന്ദേശം സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ശൂറ കൗണ്‍സിലുമായി ചര്‍ച്ച ചെയ്തു.
സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ രാജീവ് പ്രതാപ് റൂഡി, അനുരാഗ് ഠാക്കൂര്‍, വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ആനന്ദ് ശര്‍മ, തെലുങ്കുദേശം പാര്‍ട്ടിയുടെ ലവു ശ്രീകൃഷ്ണ ദേവരായലു, ആംആദ്മി പാര്‍ട്ടി നേതാവ് വിക്രംജീത് സിംഗ് സാഹ്നി, മുന്‍ നയതന്ത്രജ്ഞന്‍ അക്ബര്‍ദ്ദീന്‍ എസ് എന്നിവര്‍ അംഗങ്ങളാണ്.
Story Highlights : Operation Sindoor: All-party delegation led by Supriya Sule in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here