‘ആര്യാടന്‍ ഷൗക്കത്ത് സിപിഐഎം സ്വതന്ത്രനാകാന്‍ ശ്രമിച്ചു; പൊതുവികാരം എതിര്’ ; തുറന്നടിച്ച് പി വി അന്‍വര്‍

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി വി അന്‍വര്‍. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടന്‍ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറഞ്ഞു. വയനാട്ടില്‍ വച്ച് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായാണ് ചര്‍ച്ച നടത്തിയത് എന്നാണ് അന്‍വറിന്റെ ആരോപണം.
സിപിഐഎമ്മിനെ ആര്യാടന്‍ ഷൗക്കത്ത് എവിടെയെങ്കിലും വിമര്‍ശിച്ചതായി കാണാന്‍ സാധിക്കുമോയെന്ന് അന്‍വര്‍ ചോദിച്ചു. സിപിഐഎമ്മുമായി നല്ല സൗഹൃദത്തിലാണ് അദ്ദേഹം. ദേശാഭിമാനിയുടെ സാംസ്‌കാരിക സദസില്‍ കേരളത്തില്‍ വിളിക്കപ്പെടുന്ന അവര്‍ക്ക് ഇഷ്ടപ്പെട്ട വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ പിണറായിസത്തിനെതിരെ എങ്ങനെയാണ് സംസാരിക്കുക. ഈ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു വാക്ക് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല – അന്‍വര്‍ പറഞ്ഞു.
വി എസ് ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ് ഫാദര്‍ ഇല്ലെന്നും ഉയര്‍ത്തിക്കൊണ്ടു വരേണ്ടവര്‍ തന്നെ അവഗണിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ജോയിയെ ആ പൊസിഷനിലേക്ക് എത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദവും ജോയിയുടെ വ്യക്തിപരമായ കഴിവുമാണ്. ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ ഇല്ല. ജോയിയെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടവര്‍ തന്നെ അവഗണിച്ചു. ജോയിയെ പിന്തുണയ്ക്കാന്‍ തക്കരീതിയിലുള്ള ഒരു നേതൃത്വവും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിട്ടില്ല. ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ ജോയ് സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടു. ജോയ് സൈഡ്‌ലൈന്‍ ചെയ്യപ്പെടുമ്പോള്‍ അദ്ദേഹം മാത്രമല്ല ഈ മലയോര കര്‍ഷകര്‍ കൂടിയാണ് – അന്‍വര്‍ പറഞ്ഞു.
ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന്,പഠിക്കേണ്ടതുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ പഠനത്തിന് ശേഷം തങ്ങള്‍ തീരുമാനമെടുക്കുമെന്നും കൂടിയാലോചനയ്ക്ക് ശേഷമാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടുദിവസത്തെ സമയം എന്ന് പറയുന്നത് ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്‍ക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ല – അന്‍വര്‍ വ്യക്തമാക്കി.
Story Highlights : P V Anvar about Aryadan Shoukath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here