‘ഗോഡ്ഫാദര്‍ ഇല്ലെങ്കില്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്’; അന്‍വറിന് ജോയിയുടെ മറുപടി

ആര്യാടന്‍ ഷൗക്കത്തിന് വിജയാശംസകള്‍ നേര്‍ന്ന് വി എസ് ജോയ്. ജില്ല കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്ന നിലയില്‍ ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി ആര്യാടന്‍ ഷൗക്കത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തഴയപ്പെട്ടു എന്ന തോന്നല്‍ തനിക്ക് ഇല്ലെന്നും പരിഗണിക്കപ്പെട്ടത് തന്നെ വലിയ അംഗീകാരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുവെന്ന അന്‍വറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടും അദ്ദേഹം മറുപടി പറഞ്ഞു. ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. എനിക്ക് കോണ്‍ഗ്രസിനകത്ത് ഒരുപാട് ഗോഡ്ഫാദര്‍മാരുണ്ട്. അതിന്റെയൊരു അനാഥത്വം ഒന്നും ഉണ്ടായിട്ടില്ല. ആര് സ്ഥാനാര്‍ഥിയായാലും അംഗീകരിക്കുമെന്ന് അന്‍വര്‍ രാജി വെച്ച സമയത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു. പിണറായിസത്തിന്റെ പരാജയമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എല്ലാ വിവാദങ്ങളും സംസാരിച്ച് തീരുമാനിക്കും – അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ പാര്‍ട്ടിയെ നട്ട് നനച്ച് വളര്‍ത്തി വലുതാക്കിയ ആര്യാടന്‍ സാറിന്റെ അന്ത്യാഭിലാഷമാണ് മണ്ഡലം തിരിച്ചു പിടിക്കണമെന്നത്. അദ്ദേഹത്തിന്റെ പുത്രനെ തന്നെ അതിന് പാര്‍ട്ടി നിയോഗിച്ചു എന്നത് ഏറെ സന്തോഷകരമാണ്. ആര്യാടന്‍ ഷൗക്കത്ത് 20000ത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കും. ഒറ്റക്കെട്ടായി പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും – വി എസ് ജോയ് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലല്ല ആയിരം തിരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചാലും അര വാക്ക് കൊണ്ടോ ഒരു നോക്ക് കൊണ്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന, പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും നടപടിയും നിലപാടും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല – അദ്ദേഹം പറഞ്ഞു.
Story Highlights : V S Joy replied to the statement of P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here